kannur local

എസ്എന്‍ കോളജ് എന്‍സിസി കാഡറ്റിന് രാജ്യാന്തര നേട്ടം



കണ്ണൂര്‍: ശ്രീനാരായണ കോളജ് എന്‍സിസിയുടെ സീനിയര്‍ അണ്ടര്‍ ഓഫിസറും 2017 റിപ്പബ്ലിക് ദിന പരേഡിന്റെ കേരള കണ്ടിന്‍ജന്റിന്റെ ബെസ്റ്റ് കാഡറ്റുമായിരുന്ന റോബിന്‍ ഥാപ്പ രാജ്യത്തിന്റെ യൂത്ത് അംബാസിഡറായി എട്ട് ദിവസത്തെ ശ്രീലങ്കന്‍ പര്യടനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 16 മുതല്‍ 23 വരെയാണ് ശ്രീലങ്കന്‍ സര്‍ക്കാറിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അതിഥിയായി റോബിന്‍ പോവുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത കാഡറ്റുകള്‍ക്കിടയില്‍ നിന്നു എന്‍സിസിയുടെ ഡയറക്്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ നടത്തിയ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയ്ക്കു ശേഷമാണ് 12അംഗ സംഘത്തെ തിരഞ്ഞെടുത്തത്. എന്‍സിസിയുടെ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമി(വൈഇപി)ന്റെ ഭാഗമായാണ് പര്യടനം. എസ്എന്‍ കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ റോബിന്‍ നേപ്പാളിലെ ഹിമാലയന്‍ താഴ്‌വരയിലുള്ള പൊക്കാറ സ്വദേശിയാണെങ്കിലും കണ്ണൂര്‍ ആര്‍മി സ്‌കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്. ഇദ്ദേഹത്തിന്റ പിതാവ് ആര്‍ എല്‍ ഥാപ്പ കണ്ണൂര്‍ ഡിഎസ്്‌സിയില്‍ നിന്നു സ്ഥലംമാറ്റത്തെ തുടര്‍ന്ന് ഇപ്പോള്‍ ലേയിലാണ് സേവനമനുഷ്ഠിക്കുന്നത്. മീന ഥാപ്പയാണ് മാതാവ്. എന്‍സിസി ക്വാട്ടയില്‍ ഇന്ത്യന്‍ പ്രതിരോധ സേനയില്‍ ഓഫിസറാവുകയാണ് റോബിന്റെ സ്വപ്‌നം. വിദേശ പര്യടനത്തില്‍ അനുവര്‍ത്തിക്കേണ്ട ചിട്ടവട്ടങ്ങളുടെ പരിശീലനത്തിനും ശ്രീലങ്കയുടെ സംസ്‌കാരം, ചരിത്രം, മുതലായവയെ കുറിച്ചുള്ള ക്ലാസുകള്‍ക്കും മറ്റുമായി ഡല്‍ഹിയിലേക്ക് പോയ റോബിന് യാത്രയയപ്പ് നടത്തി. പ്രിന്‍സിപ്പാള്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത്, കമാന്റിങ് ഓഫിസര്‍മാരായ കേണല്‍ നിഥിന്‍, കേണല്‍ അഭയ്‌സിങ്, എന്‍സിസി ഓഫിസര്‍ ക്യാപ്റ്റന്‍ സതീശ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it