Kollam Local

എസ്എന്‍ കോളജിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും

കൊല്ലം: പ്രധാന മന്ത്രി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമാ അനാവരണ ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം ശക്തം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമ്മേളനം നിശ്ചയിച്ചിട്ടുള്ള എസ് എന്‍ കോളേജ് വളപ്പിലെ വേദിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രവര്‍ത്തകരെ കോളജിന് സമീപം ബാരിക്കേഡ് നിരത്തി പോലിസ് പ്രതിരോധിച്ചു. ഇതിനിടെ ചെറിയ തോതില്‍ ഉന്തും തള്ളും ഉണ്ടായി. പോലിസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ കുത്തിയിരുന്ന് മുദ്രാവാക്യംമുഴക്കി.

തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി പ്രസിഡന്റ് വി സത്യശീലന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ ശങ്കറിനെ കാവി പുതപ്പിക്കാനുള്ള ശ്രമം കേരളത്തില്‍ വിലപോവില്ലെന്ന് സത്യശീലന്‍ പറഞ്ഞു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും സാമൂഹിക പരിഷ്‌ക്കാര്‍ത്താവുമായിരുന്ന ആര്‍ ശങ്കര്‍ കേരളത്തിന്റെ പൊതു സ്വത്താണ്. ദശാബ്ദങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടിയെ അവഹേളിക്കാനുള്ള ഏതു ശ്രമവും ജനാധിപത്യകേരളം ചെറുത്തുതോല്‍പിക്കുമെന്നും സത്യശീലന്‍ പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് സൂരജ് രവി അധ്യക്ഷത വഹിച്ചു. എ കെ ഹഫീസ്, പ്രഫ ഇ മേരിദാസന്‍, പ്രഫ രമാരാജന്‍, കെ സോമയാജി, ആര്‍ രമണന്‍, എംഎംസഞ്ജീവ് കുമാര്‍ സംസാരിച്ചു.
വൈകീട്ട് ചിന്നക്കട റെസ്റ്റു ഹൗസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ ജോര്‍ജ്ജ് ഡി കാട്ടില്‍, പി ആര്‍പ്രതാപ ചന്ദ്രന്‍, എസ് ശ്രീകുമാര്‍, അന്‍സാര്‍ അസീസ്, കൃഷ്ണവേണി ശര്‍മ്മ, ഡോ ഉദയാ സുകുമാരന്‍, ഉളിയകോവില്‍ ശശി, എച്ച് അബ്ദുള്‍ റഹ്മാന്‍, സുല്‍ഫിക്കര്‍ ഭൂട്ടോ, ഗോപിനാഥന്‍, ബി ജയരാജന്‍, വിഷ്ണു കരുമാലില്‍, ബിനോയ് ഷാനൂര്‍ നേതൃത്വം നല്‍കി. പത്തനാപുരം, കൊട്ടാരക്കര, പുത്തൂര്‍, ചടയമംഗലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും പ്രതിഷേധപ്രകടനം നടന്നു
Next Story

RELATED STORIES

Share it