എസ്എന്‍സി ലാവ്‌ലിന്‍ കേസ്: കീഴ്‌ക്കോടതി ഉത്തരവ് നിലനില്‍ക്കുന്ന കാര്യം സംശയമെന്ന് ഹൈക്കോടതി

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി ഉത്തരവ് നിലനില്‍ക്കുന്നതാണോയെന്ന് സംശയമുണ്ടെന്ന് ഹൈക്കോടതി. സിബിഐ കോടതി ഉത്തരവിനെതിരേ അന്വേഷണ ഏജന്‍സിയായ സിബിഐ ഉള്‍പ്പെടെ നല്‍കിയ റിവിഷന്‍ ഹരജികള്‍ അടിയന്തരമായി പരിഗണിച്ച് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ ഉപഹരജിയിലെ ഇടക്കാല ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയില്‍.
വെള്ളിയാഴ്ച കേസ് പരിഗണിച്ചശേഷം തുറന്ന കോടതിയില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഇല്ലാത്ത ഈ ഭാഗം ചേര്‍ത്താണ് ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയത്. സംസ്ഥാന സര്‍ക്കാരിന് വന്‍ സാമ്പത്തികനഷ്ടമുണ്ടാക്കിയ ലാവ്‌ലിന്‍ ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് പിണറായി വിജയനും ഉദ്യോഗസ്ഥരായിരുന്ന മറ്റു പ്രതികള്‍ക്കുമെതിരേ തെളിവുകളുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് കുറ്റവിമുക്തരാക്കിയതെന്ന വാദം ശരിയാണെങ്കില്‍ അത് പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഉത്തരവു പറയുന്നു. കീഴ്‌ക്കോടതി കേസ് കൈകാര്യം ചെയ്തത് സംബന്ധിച്ച് സിബിഐയും സര്‍ക്കാരും ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്നു കരുതുന്നുവെന്നും കോടതി വ്യക്തമാക്കി.
ഇപ്പോള്‍ തന്നെ കേസ് പരിഗണിക്കണമെന്ന ആവശ്യം സാധ്യമല്ലെന്ന് വ്യക്തമാക്കിയ കോടതി പൊതുഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന കേസിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും വിലയിരുത്തി. ഫെബ്രുവരി അവസാനവാരം കേസില്‍ വാദം കേള്‍ക്കും.
റിവിഷന്‍ ഹരജിയുമായി ബന്ധപ്പെട്ട് നിലവില്‍ സര്‍ക്കാര്‍ കേസില്‍ കക്ഷിയാണ്, കോടികള്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് ആരോപണമുള്ള കേസാണ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹരജി കോടതി അനുവദിച്ചത്.
Next Story

RELATED STORIES

Share it