എസ്എന്‍സി ലാവ്‌ലിന്‍: കക്ഷിചേര്‍ക്കാന്‍ ആവശ്യപ്പെട്ട് നന്ദകുമാറിന്റെ ഹരജി

ന്യൂഡല്‍ഹി:  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരായി സിബിഐ നല്‍കിയ അപ്പീലില്‍ കക്ഷി ചേരാന്‍ ക്രൈം നന്ദകുമാര്‍ സുപ്രിംകോടതിയെ സമീപിച്ചു.
നന്ദകുമാറിന് വേണ്ടി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഹാജരായി. സിബിഐ ഉള്‍പ്പെടെ എല്ലാവരുടെയും നിലപാട് അറിഞ്ഞ ശേഷം നന്ദകുമാറിനെ കക്ഷിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന് ഇന്നലെ സുപ്രിം കോടതി വ്യക്തമാക്കി.
ലാവ്‌ലിന്‍ കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്നു ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവ്‌ലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് സിബിഐ അപ്പീലില്‍ പറയുന്നത്. ജസ്റ്റിസുമാരായ എന്‍ വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരേ പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹരജി പരിഗണിച്ച് ജനുവരി 11ന് സുപ്രിംകോടതി കേസിന്റെ വിചാരണ സ്‌റ്റേ ചെയ്തിരുന്നു. കേസിലെ മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയാണ് സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നത്. അന്തിമവിധി വരുന്നതുവരെയാണ് വിചാരണ സ്‌റ്റേ ചെയ്തിരിക്കുന്നത്.
മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ ഫയല്‍ ചെയ്ത അപ്പീലില്‍ സുപ്രിംകോടതി പിണറായിക്കും ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ എ ഫ്രാന്‍സിസ്, കെ മോഹനചന്ദ്രന്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിരുന്നു. ഇതിനു ശേഷം ഇന്നലെയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു.
അടിയന്തരമായി കേസ് പരിഗണിക്കേണ്ട എന്ത് അടിയന്തര പ്രാധാന്യമാണ് കേസിനുള്ളതെന്ന് ചോദിച്ചാണ് ബെഞ്ചിന്റെ നടപടി. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും നേരത്തെ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനെ പിണറായിയുടെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it