Kottayam Local

എസ്എന്‍ഡിപിയെ വെള്ളാപ്പള്ളി വില്‍പനച്ചരക്കാക്കി: എം എം ഹസന്‍

വൈക്കം: ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച എസ്എന്‍ഡിപി യോഗത്തെ ആര്‍എസ്എസില്‍ നിന്ന് അച്ചാരം വാങ്ങി വെള്ളാപ്പള്ളി നടേശന്‍ വില്‍പനച്ചരക്കാക്കി മാറ്റിയിരിക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍. വര്‍ഗീയ ഫാഷിസത്തിനും അസഹിഷ്ണുതക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ബോട്ട്‌ജെട്ടി മൈതാനിയില്‍ സംഘടിപ്പിച്ച മതേതര യുവസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയത അഴിച്ചുവിട്ട് നേട്ടം കൊയ്യാന്‍ വെള്ളാപ്പള്ളിക്ക് കരുത്തേകാനാണ് അമിത്ഷായും മോഡിയുംകൂടി കുമ്മനം രാജശേഖരനെ ബിജെപിയുടെ തലപ്പത്തെത്തിച്ചിരിക്കുന്നത്.മോഡി സര്‍ക്കാര്‍ വര്‍ഗീയത അഴിച്ചുവിടുകയാണ്. ഇന്ത്യയുടെ ആത്മാവ് വെട്ടിമുറിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
സ്വാതന്ത്ര്യവും രാജ്യത്തിന്റെ യശസ്സും നഷ്ടപ്പെടാന്‍ പോവുന്ന സാഹചര്യമാണ്. നിലവിലെ സാഹചര്യമനുസരിച്ച് രണ്ടാം സ്വാതന്ത്ര്യസമരത്തിന് രാജ്യം തയ്യാറെടുക്കേണ്ട അവസ്ഥയാണ്. കേരളത്തിലും ത്രിപുരയിലും മാത്രം വേരുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോഴും കോണ്‍ഗ്രസിനെ പഴിചാരാനാണ് ശ്രമിക്കുന്നത്. ഇനിയെങ്കിലും ഇവര്‍ക്ക് മാറ്റമുണ്ടായില്ലെങ്കില്‍ പശ്ചിമബംഗാളിലെ അവസ്ഥയായിരിക്കും ഉണ്ടാവാന്‍ പോവുന്നതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
എഐസിസി മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, കെപിസിസി സെക്രട്ടറിമാരായ പി എ സലിം, നാട്ടകം സുരേഷ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ജോബി അഗസ്റ്റിന്‍, കെപിസിസി എക്‌സി. അംഗങ്ങളായ മോഹന്‍ ഡി ബാബു, അഡ്വ. വി വി സത്യന്‍, അഡ്വ. എ സനീഷ്‌കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി വി പ്രസാദ്, അബ്ദുല്‍സലാം റാവുത്തര്‍, ജെയ്‌ജോണ്‍ പേരയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി പി സിബിച്ചന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it