Kottayam Local

എസ്എന്‍ഡിപിയുടെ രംഗപ്രവേശം; തലയോലപ്പറമ്പില്‍ തീപാറുന്ന പോരാട്ടം

തലയോലപ്പറമ്പ്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായി ഇന്നു ബൂത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ തലയോലപ്പറമ്പില്‍ തീപാറും പോരാട്ടം. മുന്‍കാലങ്ങളെ അപേക്ഷിച്ച് യുഡിഎഫ് സീറ്റ് ധാരണയില്‍ എത്തിയതും എസ്എന്‍ഡിപിയുടെ രംഗപ്രവേശവുമെല്ലാം വര്‍ഷങ്ങളായി ഇടതിനൊപ്പം നിന്നിരുന്ന പഞ്ചായത്തിലെ അവസ്ഥ പ്രവചനാതീതമാക്കിയിരിക്കുകയാണ്.
യുഡിഎഫില്‍ കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസും മുസ്‌ലിം ലീഗുമെല്ലാം ഒറ്റയ്ക്ക് മല്‍സരിച്ച് എല്‍ഡിഎഫിന് ഭരണം സമര്‍പ്പിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇതിന് ഇപ്പോഴുണ്ടായ മാറ്റം യുഡിഎഫ് അണികള്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ചില വാര്‍ഡുകളില്‍ വിമതശല്യം യുഡിഎഫിനെ കുഴപ്പിക്കുന്നുണ്ട്.
ധാരണ പ്രകാരം യുഡിഎഫില്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും കേരള കോണ്‍ഗ്രസ് അഞ്ചു സീറ്റിലും മുസ്‌ലിം ലീഗ് ഒരു സീറ്റിലും മല്‍സരിക്കുന്നു. എല്‍ഡിഎഫില്‍ സിപിഎം എട്ടു സീറ്റിലും സിപിഐ അഞ്ചിലും എന്‍സിപി രണ്ട് സീറ്റിലുമാണ് മല്‍സരിക്കുന്നത്. എസ്എന്‍ഡിപിയാണ് ഏഴിലധികം വാര്‍ഡുകളില്‍ വിധി നിര്‍ണയിക്കുന്നത്. എസ്എന്‍ഡിപിയുടെ രംഗപ്രവേശം ഏത് മുന്നണിക്ക് ദോഷകരമാവുമെന്ന് പറയാനാവത്ത അവസ്ഥയാണ്. പഞ്ചായത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം രണ്ടാ വാര്‍ഡിലാണ്.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഗോപിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും തമ്മില്‍ നടക്കുന്ന പോരാട്ടമാണ് ഇവിടെ ശ്രദ്ധേയം. ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പഞ്ചായത്ത് ഗുരുതര വീഴ്ച വരുത്തിയതായി ആക്ഷേപമുണ്ട്. കെ ആര്‍ ഓഡിറ്റോറിയം മുതല്‍ പള്ളിക്കവല വരെയുള്ള റോഡിലെ സഞ്ചാരം ഭയാനകമാണ്. തലയോലപ്പറമ്പ് മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ മറ്റൊരു പ്രശ്‌നമാണ്. മിനിസിവില്‍ സ്റ്റേഷനും ബസ് സ്റ്റാന്‍ഡ് നവീകരണ ജോലികളുമെല്ലാം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും പ്രചാരണ വിഷയമായിരുന്നു. ബിജെപിയും പിഡിപിയും എസ്ഡിപിഐയും പഞ്ചായത്തില്‍ മല്‍സരരംഗത്തുണ്ട്. ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് എസ്എന്‍ഡിപിയുടെ പിന്തുണ ഉറപ്പു വരുത്തിയാല്‍ മൂന്നിലധികം വാര്‍ഡുകളില്‍ വലിയ അട്ടിമറികള്‍ നടന്നേക്കും.
Next Story

RELATED STORIES

Share it