എസ്എടി അന്വേഷണം സംബന്ധിച്ച് പ്രതികരണമാരാഞ്ഞ് സുപ്രിം കോടതി

ന്യൂഡല്‍ഹി: പ്രമുഖ ചിന്തകന്‍ എം എം കല്‍ബുര്‍ഗിയുടെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുന്നത് സംബന്ധിച്ച് കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. നാലാഴ്ചയ്ക്കകം ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം എം കല്‍ബുര്‍ഗിയുടെ പത്‌നി ഉമാദേവി മല്ലികാനാഥ് കല്‍ബുര്‍ഗി സമര്‍പ്പിപ്പ പരാതി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം, കല്‍ബുര്‍ഗി വധക്കേസ് എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നു സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി.
കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു കരുതുന്നില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് അറിയിച്ചു. ആസൂത്രിതമായ കൊലപാതകങ്ങളാണ് എന്‍ഐഎയുടെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശമുള്ളതുകൊണ്ടു മാത്രം കൊലപാതകക്കേസുകള്‍ അന്വേഷിക്കണമെന്നു നിര്‍ബന്ധമില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നായിരുന്നു കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ വധങ്ങളോട് സാമ്യമുണ്ടെന്നായിരുന്നു ഉമാദേവിയുടെ ഹരജിയിലെ പ്രധാന ആരോപണം.
Next Story

RELATED STORIES

Share it