Kottayam Local

എഴുത്തുകാര്‍ സുരക്ഷിതനായി ഇരുന്നല്ല എഴുതേണ്ടത്: ബന്യാമിന്‍



കോട്ടയം: എഴുത്തുകാരന്‍ സുരക്ഷിതനായി ഇരുന്നല്ല കര്‍ത്തവ്യം നിര്‍വഹിക്കേണ്ടതെന്നു നോവലിസ്റ്റ് ബന്യാമിന്‍. തുറന്നെഴുത്തുകള്‍ക്ക് എഴുത്തുകാര്‍ തയ്യാറാവണമെന്നും നടന്നുപോവുമ്പോള്‍ തേങ്ങ തലയില്‍ വീണ് മരിക്കുന്നതിലും നല്ലത് എഴുതിയതിന്റെ പേരില്‍ വെടിയേറ്റ് മരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിഎംഎസ് കോളജില്‍ മലയാള വിഭാഗം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ പ്രവാസവും സാഹിത്യവും എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടേത് യഥാര്‍ഥത്തില്‍ പ്രവാസ ജീവിതമല്ല. അതു കുടിയേറ്റം മാത്രമാണ്. റോാഹിന്‍ഗ്യന്‍ മുസ് ലിങ്ങളെയോ, കശ്മിരി പണ്ഡിറ്റുകളെയോ, പലസ്തീന്‍ മുസ്‌ലിംകളുടേയോ പോലുള്ള പ്രവാസ ജീവിതം മലയാളികള്‍ അനുഭവിക്കുന്നില്ല. യഥാര്‍ഥത്തില്‍ പാകിസ്ഥാനില്‍ കഴിയുന്ന മലയാളികള്‍ മാത്രമാണ് അത്തരത്തിലുള്ള പ്രവാസ ജീവിതം അനുഭവിക്കുന്നതെന്നും ബന്യാമിന്‍ പറഞ്ഞു. പുതിയ കാലത്ത് പ്രവാസം സംബന്ധിച്ച എഴുത്തിനു വലിയ പ്രാധാന്യമാണുള്ളത്. സൈബര്‍ ഇടങ്ങളിലേക്കുള്ള മലയാളഭാഷയുടെ കുടിയേറ്റത്തില്‍ മലയാള ഭാഷയ്ക്കു വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി മിനി മറിയം സഖറിയ, ചീഫ് കോഓര്‍ഡിനേറ്റര്‍ ഡോ: കെ എന്‍ ശ്രീകാന്ത്  സംസാരിച്ചു.
Next Story

RELATED STORIES

Share it