Flash News

എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം കെ സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി, നാടകകൃത്ത്, വിവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. നിലവില്‍ ഒന്നര ലക്ഷമായിരുന്ന തുക ഈ വര്‍ഷം മുതല്‍ അഞ്ചു ലക്ഷമായി വര്‍ധിപ്പിക്കുകയായിരുന്നു. മന്ത്രി എ കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്റെ അധ്യക്ഷതയില്‍ പ്രഫ. എം കെ സാനു, ഡോ. എം ലീലാവതി, സി രാധാകൃഷ്ണന്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അടങ്ങിയ സമിതിയാണ് ജേതാവിനെ നിര്‍ണയിച്ചത്. നീതി, ജനാധിപത്യം, സാമൂഹിക ജാഗ്രത തുടങ്ങി വിവിധ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ കവിതകള്‍ മലയാള ഭാഷയുടെ കാര്യവാഹകശേഷിയും വെളിപ്പെടുത്തുന്നുണ്ട്.  അന്യഭാഷകളില്‍ നിന്നു മലയാളത്തിലേക്കും തിരിച്ചും അദ്ദേഹം കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മരം, വീടുമാറ്റം, അപൂര്‍ണം തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം തുടങ്ങി 15ലധികം ലേഖനസമാഹാരങ്ങളും പല ലോകം പല കാലം, മൂന്നു യാത്ര എന്നിങ്ങനെ യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.
Next Story

RELATED STORIES

Share it