Flash News

എല്‍ ക്ലാസിക്കോ ശനിയാഴ്ച, മെസ്സി, റൊണാള്‍ഡോ മികച്ചവനാര്?

എല്‍ ക്ലാസിക്കോ ശനിയാഴ്ച, മെസ്സി, റൊണാള്‍ഡോ മികച്ചവനാര്?
X


മാഡ്രിഡ്: കാല്‍പന്ത് ലോകം ആകാംക്ഷയിലാണ്. ലോക ഫുട്‌ബോളില്‍ പ്രകടനം കൊണ്ട് വിസ്മയം തീര്‍ക്കുന്ന റയല്‍ മാഡ്രിഡും ബാഴ്‌സലോണയും  നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ ആരാധകര്‍ക്കിത് നെഞ്ചിടിപ്പേറുന്ന മണിക്കൂറുകള്‍. കുടിപ്പകയും കണക്കുകളും ഏറെ പറയാനുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുമ്പോള്‍ ഇത്തവണ പോരാട്ടം അതിശക്തം. ലോക ഫുട്‌ബോളിനെ അടക്കിവാഴുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും എതിരാളികളായെത്തുമ്പോള്‍ വിജയം  ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതം.  കടലാസിലെ കണക്കുകളുടെ ആധിപത്യം കളിക്കളത്തില്‍ പ്രസക്തമല്ലെങ്കിലും വാശിയേറിയ എല്‍ ക്ലാസിക്കോയുടെ കണക്കുകളില്‍ നേരിയ മുന്‍തൂക്കം റയലിനൊപ്പമാണ്.കേവലമൊരു ഫുട്‌ബോള്‍ പോരാട്ടം എന്നതിലുപരിയായി സ്പാനിഷ് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു വരെ ചലനമുണ്ടാക്കുന്ന പോരാട്ടമാവും നാളെ മാഡ്രിഡില്‍ നടക്കുക. കാറ്റലോണിയയുടെ സ്വാതന്ത്രത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടമാണിത്. ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരടിക്കുന്ന 236ാം മല്‍സരമാണ് ശനിയാഴ്ച നടക്കുന്നത്. ഇത് കൂടാതെ 34തവണ കൂടി ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. എല്‍ ക്ലാസിക്കോയുടെ ചരിത്ര പുസ്തകം ചികഞ്ഞാല്‍ മുന്‍തൂക്കം റയല്‍ മാഡ്രിഡിനൊപ്പമാണെങ്കിലും സമീപകാലത്തെ പ്രകടനങ്ങളില്‍ ബാഴ്‌സലോണയ്്ക്കാണ് ആധിപത്യം. ലാ ലിഗയില്‍ ഇതുവരെ ഇരുടീമും നേര്‍ക്കുനേര്‍ പോരടിച്ചത് 174 തവണ. ഇതില്‍ 72 തവണയും വിജയം റയലിനൊപ്പം നിന്നപ്പോള്‍ 69 തവണ വിജയം ബാഴ്‌സലോണയും സ്വന്തമാക്കി. 33 മല്‍സരങ്ങള്‍ സമനില സമ്മതിച്ചാണ് ഇരു കൂട്ടരും പിരിഞ്ഞത്. എവേ പോരാട്ടങ്ങളില്‍ ഇരു ടീമുകളുടെ അക്കൗണ്ടിലും 20 ജയങ്ങള്‍ വീതമാണുള്ളത്. ലാ ലിഗയില്‍ 284 ഗോളുകള്‍ റയല്‍ അടിച്ചെടുത്തപ്പോള്‍ 277 ഗോളുകളാണ് ബാഴ്‌സലോണയുടെ സമ്പാദ്യം.  കോപ ഡെല്‍ റേയില്‍ 33 തവണ ഇരു ടീമുകളും മുഖാമുഖം എത്തിയപ്പോള്‍ 14 തവണയും ജയം ബാഴ്‌സലോണയ്‌ക്കൊപ്പമായിരുന്നു. 12 തവണയാണ് റയല്‍ വിജയിച്ചത്. ചാംപ്യന്‍സ് ലീഗില്‍ എട്ട് തവണ നേര്‍ക്കുനേര്‍ പോരടിച്ചപ്പോള്‍ മൂന്ന് വട്ടം റയലും രണ്ട് തവണ ബാഴ്‌സയും വിജയിച്ചു. മൂന്ന് മല്‍സരം സമനിലയിലും കലാശിച്ചു.  ഇരുവരും തമ്മിലുള്ള പോരാട്ടത്തിലെ ഏറ്റവും വലിയ വിജയം റയലിനവകാശപ്പെട്ടതാണ്. 1943ല്‍ നടന്ന കോപ ഡെല്‍റേയില്‍ ഒന്നിനെതിരേ 11 ഗോളുകള്‍ക്കാണ് ബാഴ്‌സലോണയെ റയല്‍ തകര്‍ത്തത്. 2000ന് ശേഷം നടന്ന എല്‍ക്ലാസിക്കോയില്‍ ഏറ്റവും വലിയ വിജയം ബാഴ്‌സലോണയ്‌ക്കൊപ്പമാണ്. 2010 നവംബര്‍ 29 ന് നടന്ന പോരാട്ടത്തില്‍ 5-0നാണ് റയലിനെ ബാഴ്‌സലോണ തകര്‍ത്തത്. നിലവിലെ താരങ്ങളെ പരിഗണിക്കുമ്പോള്‍ എല്‍ ക്ലാസിക്കോയിലെ ഏറ്റവും പരിചയ സമ്പന്നനായ താരം ബാഴ്‌സലോണയുടെ ഇനിയെസ്റ്റയാണ്. 35 എല്‍ ക്ലാസിക്കോ മല്‍സരങ്ങളിലാണ് ഇനിയസ്റ്റ ബൂട്ടണിഞ്ഞത്.  34 എല്‍ ക്ലാസിക്കോ മല്‍സരങ്ങളുടെ അനുഭവ സമ്പത്താണ് മെസ്സിക്കുള്ളത്. റയല്‍ നിരയില്‍ 34 മല്‍സരങ്ങള്‍ കളിച്ച സെര്‍ജിയോ റാമോസാണ് ചിര വൈരി പോരാട്ടത്തിലെ ഏറ്റവും പരിചയ സമ്പന്നന്‍. എല്‍ ക്ലാസിക്കോയില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ്. 2011 മുതല്‍ 2013 വരെ ആറ് മല്‍സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. ലാ ലിഗയില്‍ നേര്‍ക്കുനേര്‍ വന്ന അവസാന 10 മല്‍സരങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍തൂക്കം ബാഴ്‌സലോണയ്‌ക്കൊപ്പമാണ്.  അഞ്ച് മല്‍സരങ്ങളില്‍ ബാഴ്‌സ ജയിച്ചപ്പോള്‍ നാല് മല്‍സരം റയല്‍ മാഡ്രിഡും ജയിച്ചു. ഒരു മല്‍സരം സമനിലയിലും കലാശിച്ചു. ഇരു ടീമുകളും അവസാനം നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് ഈ സീസണിലെ സ്പാനിഷ് സൂപ്പര്‍ കപ്പിലാണ്. അന്ന് ഇരു പാദങ്ങളിലുമായി 5-1ന് റയല്‍ വിജയിച്ചിരുന്നു.

അഞ്ച് ബാലണ്‍ ഡിയോര്‍ പുരസ്‌കാരങ്ങളുമായി കളിമികവില്‍ ഇഞ്ചോടിഞ്ച് പോരാടുന്ന റൊണാള്‍ഡോയും മെസ്സിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു. ഇവരില്‍ കേമനാരെന്ന് പറയുക അസാധ്യമാണെങ്കിലും എല്‍ ക്ലാസിക്കോയില്‍ റൊണാള്‍ഡോയേക്കാള്‍ മികവ് മെസ്സിക്ക് തന്നെയാണ്. 36 മല്‍സരങ്ങളില്‍ നിന്ന് ഇതുവരെ 24 ഗോളുകളാണ് എല്‍ ക്ലാസിക്കോയില്‍ മെസ്സി അടിച്ചെടുത്തത്. 13 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. അതേ സമയം മെസ്സിയേക്കാള്‍ എല്‍ ക്ലാസിക്കോയില്‍ പരിചയ സമ്പത്ത് കുറവുള്ള റൊണാള്‍ഡോ 28 മല്‍സരങ്ങളില്‍ നിന്ന് നേടിയത് 17 ഗോളുകള്‍. ഇതില്‍ ഗോളിന് വഴിതുറന്നത് ഒരു തവണ മാത്രം.മെസ്സി കളിച്ച 36 എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സ ജയിച്ചുകയറിയത് 16 തവണ. 12 തവണ പരാജയപ്പെട്ടപ്പോള്‍ എട്ട് തവണ സമനിലയും വഴങ്ങി. ലാ ലിഗയില്‍ ബാഴ്‌സക്കൊപ്പം  മെസ്സി പന്ത് തട്ടിയ അവസാന 12 എല്‍ക്ലാസിക്കോയിലും ജയം ബാഴ്‌സയ്ക്കായിരുന്നു. ചാംപ്യന്‍സ് ലീഗില്‍ മെസ്സിയുടെ സാന്നിധ്യത്തില്‍ ബാഴ്‌സ ഒരു തവണ പോലും  റയലിന് മുന്നില്‍ മുട്ടുകുത്തിയിട്ടില്ല. എന്നാല്‍ കോപ്പ ഡെല്‍ റേയില്‍ ആറ് മല്‍സരങ്ങള്‍ കളിച്ചെങ്കിലും മെസ്സിക്ക്  റയലിനെതിരേ വലകുലുക്കാനായിട്ടില്ല.
Next Story

RELATED STORIES

Share it