എല്‍ദോസ് കുന്നപ്പിള്ളിയുടെ 'സീറ്റുമോഹി' ചര്‍ച്ചയാവുന്നു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പെരുമ്പാവൂരില്‍ മല്‍സരിക്കാനൊരുങ്ങുന്ന എല്‍ദോസ് കുന്നപ്പിള്ളിയുടെ സീറ്റുമോഹിയെന്ന രാഷ്ട്രീയ കവിത ചര്‍ച്ചയാവുന്നു. സീറ്റിനായി കാത്തിരിക്കുന്ന നേതാവിന്റെ വിലാപങ്ങളാണ് കുന്നപ്പിള്ളിയുടെ വിമര്‍ശന കവിതയുടെ ഇതിവൃത്തം. '
പത്രം മറിച്ചു നോക്കി എന്റെ മാത്രം പേരില്ല- പത്രാധിപരെ വിളിച്ചു നോക്കി നാളെയെങ്കിലും ഒരു ന്യൂസ് കൊടുത്തെന്നെ ആളാക്കുവാന്‍ കനിയണം പൊന്നു സാറെ' എന്നു തുടങ്ങുന്ന കവിതയാണ് ഇന്നലെ പുറത്തിറക്കിയത്. പെരുമ്പാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി മല്‍സരിക്കാന്‍ സാധ്യതയുള്ള മൂന്നു നേതാക്കളില്‍ പ്രബലനാണ് കുന്നപ്പിള്ളിയെങ്കിലും മറ്റ് രണ്ടുപേരും സീറ്റിനായുള്ള പരിശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ കുന്നപ്പിള്ളിയുടെ കവിത കെപിസിസിയില്‍ വരെ ഇന്നലെ ചര്‍ച്ചയായി. ഒരു സ്വകാര്യ ചാനലില്‍ അഭിമുഖത്തിനിടെയാണ് കവിത പുറത്തിറക്കിയത്. ''നല്ല വാക്കുകള്‍ മാത്രം പറയുക- നല്ല പാരയും ഫിറ്റുചെയ്യുക' എന്ന വരിയില്‍ രാഷ്ട്രീയത്തില്‍ നടക്കുന്ന കുതികാല്‍ വെട്ടിനെയാണ് ഓര്‍മിപ്പിക്കുന്നത്. 'എല്ലാവരും ബന്ധുക്കള്‍' എന്ന് പറയാറുള്ള എതിര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള നേതാവിനേയും കുന്നപ്പിള്ളി വാക്കുകള്‍ കൊണ്ട് കുത്തുന്നുണ്ട്. 'എന്തും പയറ്റിനേടുമീ എംഎല്‍എ സ്ഥാനം അല്ലെങ്കില്‍ എംപി സ്ഥാനത്തിനു പരിശ്രമം പിന്നെ പഞ്ചായത്ത് ഇലക്ഷനെ രക്ഷ'. എന്ന വരികളില്‍ അല്‍പം അമര്‍ഷവും കാണാം.
Next Story

RELATED STORIES

Share it