malappuram local

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരന് യുഡിഎഫ് പിന്തുണ

എടപ്പാള്‍: തവനൂര്‍ ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കൂരടയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരന് യുഡിഎഫ് പിന്തുണ.  ഈ മാസം 28 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ പുലാക്കാവില്‍ ചന്ദ്രന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിനെ തുടര്‍ന്ന് യുഡിഎഫിന് സ്ഥാനാര്‍ഥിയില്ലാതായ സഹചര്യത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരനായി മല്‍സരിക്കുന്ന കെ കെ അബ്ദുല്‍ നാസറിന് പിന്തുണ നല്‍കാന്‍ യുഡിഎഫ് നേതൃത്വം തീരുമാനിച്ചത്.
ചന്ദ്രന് വേണ്ടി രണ്ട് സെറ്റ് പത്രികകളായിരുന്നു നല്‍കിയിരുന്നത്. സൂക്ഷമ പരിശോധനയ്ക്കു ശേഷം ചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചിരുന്നതുമാണ്.
എന്നാല്‍ ഒരു സെറ്റ് പത്രിക പിന്‍വലിക്കുകയെന്ന ഉദ്ദേശത്തോടെ ചന്ദ്രന്‍ വരണാധികാരിക്ക് രേഖാമൂലം കത്ത് കൊടുത്തതോടെ ചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതായി വരണാധികാരി കൂടിയായ പൊന്നാനി വ്യവസായ ഓഫിസര്‍ അറിയിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് ജില്ലാ കലക്ടര്‍ക്കും ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ഈ സഹചര്യത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സര രംഗത്തുള്ള കെ കെ അബ്ദുല്‍ നാസറിന് പിന്തുണ നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചത്. ചന്ദ്രന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ചന്ദ്രനൊപ്പം വരണാധികാരിയെ സമീപിച്ച കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി സ്ഥാനം രാജിവച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ മുസ്‌ലിംലീഗ് പ്രതിനിധിയായി ഈ വാര്‍ഡില്‍ നിന്നും വിജയിച്ച പി പി അബ്ദുല്‍ നാസര്‍ രാജിവച്ച ഒഴിവിലേക്കാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് പി പി അബ്ദുല്‍ നാസര്‍ ഇപ്പോള്‍ മല്‍സരിക്കുന്നത്. ഇരു മുന്നണികള്‍ക്കും ഒന്‍പത് വീതം സീറ്റുകളുള്ള തവനൂരില്‍ ഇരു മുന്നണികളും ഏറെ പ്രതീക്ഷകളോടെയാണ് ഈ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.
Next Story

RELATED STORIES

Share it