എല്‍ഡിഎഫ് വന്നാല്‍ മദ്യനയം പുനപ്പരിശോധിക്കും: കാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം തിരുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ നിലവിലെ മദ്യനയംകൊണ്ട് ഗുണമില്ലെന്നും മദ്യനയത്തില്‍ പുനപ്പരിശോധന വേണ്ടിവരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാര്‍ 730 ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ 73,000 കുടുംബങ്ങളിലേക്ക് മദ്യപാനം വ്യാപിച്ചു. ഇത് കാണാതിരുന്നുകൂടാ. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സിപിഐയുടെയും ഇടതുമുന്നണിയുടെയും നയം. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം കേരളത്തിന് ഗുണകരമായിരുന്നില്ലെന്നാണ് സര്‍ക്കാരിന്റെതന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാറുകള്‍ അടച്ചുപൂട്ടിയതോടെ മദ്യപാനം വീടിനുള്ളിലേക്ക് മാറിയിരിക്കുകയാണ്. ഇതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഈ സാഹചര്യം ഇടതുമുന്നണി വിശദമായി പഠിച്ച് മദ്യനയത്തില്‍ തീരുമാനമെടുക്കും. ഓരോ വര്‍ഷവും സര്‍ക്കാര്‍ മദ്യനയം പുതുക്കാറുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രിംകോടതി അംഗീകരിച്ചിട്ടില്ല. നയം തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നാണ് കോടതി പറഞ്ഞത്. ഇതുകൊണ്ട് മദ്യനയം സുപ്രിംകോടതി അംഗീകരിച്ചെന്ന് അര്‍ഥമില്ലെന്നും കാനം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണ് ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥി രോഹിത് വെമൂലയെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്ര നാളെ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുമെന്നു കാനം അറിയിച്ചു. വൈകീട്ട് മൂന്നുമണിക്ക് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി കാനം രാജേന്ദ്രന് രക്തപതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ ഇ ഇസ്മയില്‍, ബിനോയ് വിശ്വം, ജാഥാ ഡയറക്ടര്‍ സത്യന്‍ മൊകേരി, സി എന്‍ ജയദേവന്‍ എംപി സംബന്ധിക്കും.
ഫെബ്രുവരി 18ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനിയില്‍ ദേശീയ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it