എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാവുമെന്ന വിശ്വസം ബാറുടമകള്‍ക്കു മാത്രം: ഉമ്മന്‍ചാണ്ടി

പള്ളുരുത്തി: എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാവുമെന്ന് വിശ്വസിക്കുന്നത് ബാറുടമകള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃപ്പൂണിത്തുറ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പള്ളുരുത്തിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയത്തിലെ ഒളിച്ചുകളി സിപിഎം അവസാനിപ്പിക്കണം. പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളാണ്. ഇവ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ മന്ത്രി എന്ന നിലയില്‍ കെ ബാബുവിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാബുവിന്റെ ഇച്ഛാശക്തിയും വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുമാണ് പദ്ധതിക്ക് തുടക്കമിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ്, ലൂഡി ലൂയിസ് എംഎല്‍എ, കെ ബി മുഹമ്മദ്കുട്ടി മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ തമ്പി സുബ്രഹ്മണ്യം, ജലജ മണി സുരേന്ദ്രന്‍, ഹേമ പ്രഹ്ലാദ്, ബേസില്‍ മൈലന്തറ, എ കെ രാജ, എന്‍ ആര്‍ ശ്രീകുമാര്‍ പങ്കെടുത്തു.
കൊലക്കേസ് പ്രതികളെ സിപിഎം സ്ഥാനാര്‍ഥിയാക്കിയതിനെക്കുറിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എന്തുകൊണ്ടു മിണ്ടുനിന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടി നിര്‍ത്തുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ എത്രയാണ് കേസ്. അതിനെക്കുറിച്ച് വിഎസ് മിണ്ടുന്നില്ല. ഞങ്ങള്‍ക്കെതിരേ ഇല്ലാത്ത കേസുകളെക്കുറിച്ചാണ് പ്രതിപക്ഷനേതാവ് പറയുന്നത്. കേസുകളുണ്ടെന്ന് പറയുന്നതല്ലാതെ അതിന്റെ വിശദാംശങ്ങള്‍ പറയാന്‍ വിഎസ് തയാറാവുന്നില്ല. എണ്ണം മാത്രമാണ് പറയുന്നത്. കേസിന്റെ വിവരങ്ങള്‍ വിഎസ് പറയട്ടെ. എന്നാല്‍, അതു പറയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. വിഎസിനെതിരേ നിയമനടപടികളുമായി മുന്നോട്ടു പോവാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കോടതിയിലും കേസ് ഫയല്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it