എല്‍ഡിഎഫ് ഭരണമെന്ന് എക്‌സിറ്റ് പോള്‍ : മന്ത്രിമാര്‍ക്ക് കൂട്ടത്തോല്‍വി

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് ഭരണമെന്ന് എക്‌സിറ്റ് പോള്‍ ഫലം. വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേ ഫലത്തില്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുമെന്നാണു നിരീക്ഷണം. ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലത്തില്‍ എല്‍ഡിഎഫിന് 88 മുതല്‍ 101 സീറ്റുകള്‍വരെ ലഭിക്കാമെന്ന് അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.
എല്‍ഡിഎഫ് 74 മുതല്‍ 82 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 78 സീറ്റ് ലഭിക്കുമെന്ന് ഇന്ത്യ ടിവി പുറത്തുവിട്ട എക്‌സിറ്റ് പോളും പറയുന്നു. ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും മൂന്നു സീറ്റുവരെ നേടാമെന്നുമാണ് ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേ പ്രവചനം. എന്നാല്‍, യുഡിഎഫിന് 38 മുതല്‍ 48 വരെ സീറ്റുകള്‍ മാത്രമാണു ലഭിക്കുകയെന്നും പറയുന്നു. 49 ശതമാനം വോട്ടര്‍മാരും ഭരണമാറ്റം ആഗ്രഹിക്കുമ്പോള്‍ 43 ശതമാനം പേര്‍ യുഡിഎഫ് ഭരണം തുടരണമെന്നു പറയുന്നു.
മന്ത്രിമാരുടെ കൂട്ടത്തോല്‍വിയാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. പാലയില്‍ കെ എം മാണി, തൃപ്പൂണിത്തുറയില്‍ കെ ബാബു, കോഴിക്കോട് സൗത്തില്‍ എം കെ മുനീര്‍ എന്നിവര്‍ തോല്‍ക്കുമെന്നാണ് ഇന്ത്യാ ടുഡെ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം. കളമശ്ശേരിയില്‍ മല്‍സരിക്കുന്ന ഇബ്രാഹീംകുഞ്ഞ്, കൂത്തുപറമ്പി ല്‍ കെ പി മോഹനന്‍ എന്നിവരും തോല്‍ക്കും. അതേസമയം ചതുഷ്‌കോണ മല്‍സരം നടക്കുന്ന പൂഞ്ഞാറില്‍ പി സി ജോര്‍ജ് ജയിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. തൊടുപുഴയില്‍ പി ജെ ജോസഫും ഇരിക്കൂറില്‍ കെ സി ജോസഫും ജയിക്കും.
വാശിയേറിയ പോരാട്ടം നടക്കുന്ന അഴീക്കോട് എല്‍ഡിഎഫിന്റെ എം വി നികേഷ്‌കുമാര്‍ പരാജയപ്പെടും. എന്നാല്‍, ആറന്മുളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ജയിക്കും. ഉദുമയില്‍ കെ സുധാകരന്‍ തോല്‍ക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും എല്‍ഡിഎഫ് വ്യക്തമായ മേധാവിത്വം നേടും. യുഡിഎഫില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ സീറ്റു നേടി മുസ്‌ലിംലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന പ്രവചനവുമുണ്ട്. മുസ്‌ലിംലീഗ് 18 സീറ്റു വരെ നേടുമെന്നാണ് സര്‍വേ ഫലം. കോണ്‍ഗ്രസ് 17 സീറ്റില്‍ ഒതുങ്ങും. കേരളാ കോണ്‍ഗ്രസ്(എം) മൂന്ന് സീറ്റിലൊതുങ്ങുമെന്നും ഇന്ത്യ ടുഡെ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
മലപ്പുറത്ത് 13-3 എന്ന നിലയില്‍ യുഡിഎഫിന് മുന്‍തൂക്കം ലഭിക്കും. എറണാകുളത്ത് യുഡിഎഫിന് മൂന്നും തിരുവനന്തപുരത്ത് രണ്ടു സീറ്റും മാത്രമേ ലഭിക്കൂ. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അപ്രസക്തരാവുമെന്ന് സര്‍വേ പറയുന്നു. തൃശൂര്‍ ജില്ലയില്‍ ചേലക്കര ഒഴികെ മറ്റെല്ലാ സീറ്റുകളും എല്‍ഡിഎഫ് പിടിച്ചെടുക്കും. കോട്ടയത്ത് ആറിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും വിജയിക്കുമെന്നും സര്‍വേ ഫലം വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it