Flash News

എല്‍ഡിഎഫ് ഭരണത്തില്‍ വികസന മുരടിപ്പ് : ഉമ്മന്‍ചാണ്ടി



കോട്ടയം: എല്‍ഡിഎഫ് ഭരണത്തിന്റെ കീഴില്‍ സംസ്ഥാനത്ത് വികസന മുരടിപ്പാണ് സംഭവിച്ചിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം എല്ലാ മേഖലയിലും പിന്നോട്ടുപോയി. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മല്‍സരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. യുഡിഎഫിന്റെ രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ വരുംദിവസങ്ങളിലും ശക്തമായ പ്രക്ഷോഭം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരും. അതിനുള്ള സൂചന മാത്രമാണ് രാപകല്‍ സമരം. ഇന്ധനവിലവര്‍ധനയ്‌ക്കെതിരേ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഹര്‍ത്താലാണ് 16ന് യുഡിഎഫ് നടത്തുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളയടിയില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്കുവേണ്ടിയാണ് മനസ്സില്ലാമനസ്സോടെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഏറ്റവും ആവശ്യമായ സമയത്തു തന്നെയാണ് ഹര്‍ത്താല്‍ എന്നാണ് ജനങ്ങളില്‍നിന്നുള്ള പ്രതികരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്രോള്‍, ഡീസല്‍ വിലയില്‍ അമിതഭാരം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതികുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നരേന്ദ്രമോദി, കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചിരിക്കുന്ന അധികനികുതിയും പിന്‍വലിക്കാന്‍ തയ്യാറാവണം. മന്‍മോഹന്‍സിങ് 10 വര്‍ഷം കാത്തുപരിപാലിച്ച ഇന്ത്യയുടെ സാമ്പത്തികരംഗം നരേന്ദ്രമോദി മൂന്നരവര്‍ഷംകൊണ്ട് തവിടുപൊടിയാക്കിയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ വ്യാഴാഴ്ച രാവിലെ 10ന് ആരംഭിച്ച സമരം ഇന്നലെ രാവിലെ 10ഓടെയാണ് സമാപിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്കു മുമ്പിലുമായിരുന്നു 24 മണിക്കൂര്‍ നീണ്ട പ്രതിഷേധം. സെക്രട്ടേറിയറ്റിനു മുന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയും കൊച്ചിയില്‍ ഷിബുബേബി ജോണും കോഴിക്കോട് ആര്യാടന്‍ മുഹമ്മദും സമാപന യോഗം ഉദ്ഘാടനം ചെയ്തു. വേങ്ങര ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ 19നാണ് മലപ്പുറത്ത് രാപകല്‍ സമരം.
Next Story

RELATED STORIES

Share it