എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊച്ചി: കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്തിനു സമീപം പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട്‌സിറ്റി യഥാര്‍ഥ രൂപത്തില്‍ നടപ്പാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതുകൊണ്ടുതന്നെ ഉദ്ഘാടനം വെറും പ്രഹസനമാണെന്നും പി രാജീവ് പറഞ്ഞു.
2005ല്‍ സ്മാര്‍ട്ട്‌സിറ്റിയുടെ പേരില്‍ ഇന്‍ഫോ പാര്‍ക്ക് ഉള്‍പ്പെടെ വിറ്റുതുലയ്ക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഐടി വികസനത്തെ മുഴുവന്‍ തകര്‍ക്കുന്ന ഒരു കച്ചവടമായിരുന്നു ഇവരുടെ ലക്ഷ്യം. 100 ഏക്കര്‍ ഭൂമി ഏക്കറിന് ഒരു രൂപ വാര്‍ഷിക നിരക്കില്‍ 100 രൂപയ്ക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കുക, അന്ന് ഇന്‍ഫോപാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്ന 62.27 ഏക്കര്‍ ഭൂമിയും ലക്ഷം ചതുരശ്ര അടി കെട്ടിടവും സൗകര്യങ്ങളും വെറും 109 കോടി രൂപയ്ക്ക് കൈമാറുക, എറണാകുളത്തും സമീപ ജില്ലകളില്‍ നിന്നും വേറെ ഐടി വ്യവസായസംരംഭങ്ങള്‍ പാടില്ലെന്നും ഉള്ള യുഡിഎഫ് തയ്യാറാക്കിയ വ്യവസ്ഥകളെയെല്ലാം ചെറുത്തു തോല്‍പിച്ച് 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് പുതിയ ധാരണാപത്രം ഒപ്പുവച്ചത്. 240 ഏക്കര്‍ ഭൂമിയില്‍ 88 ലക്ഷം ചതുരശ്ര അടി കെട്ടിടം നിര്‍മിക്കേണ്ടിടത്ത് വെറും 10 ഏക്കര്‍ ഭൂമിയില്‍ ആറു ലക്ഷം ചതുരശ്ര അടി കെട്ടിടം നിര്‍മിച്ച് 90,000 പേര്‍ക്ക് ജോലി ലഭിക്കേണ്ടിടത്ത് 5000 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിച്ചു എന്നതാണ് വലിയ കാര്യമായി യുഡിഎഫ് കൊട്ടിഘോഷിക്കുന്നതെന്നും പി രാജീവ് പറഞ്ഞു. യോഗത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷത വഹിച്ചു. എസ് ശര്‍മ എംഎല്‍എ, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it