എല്‍ഡിഎഫ് കരട് പ്രകടനപത്രിക:  മദ്യനിരോധനമല്ല; ലക്ഷ്യം മദ്യവര്‍ജനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആവിഷ്‌കരിക്കുന്ന മദ്യനയത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി കരട് പ്രകടനപത്രിക. മദ്യനയമല്ല, മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കരട് പ്രകടനപത്രിക ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തിലാണ് കരട് പ്രകടനപത്രികയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നത്. ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപഭോഗം കുറച്ച്‌കൊണ്ടുവരുകയാണ് ഉദ്ദേശ്യം. സമ്പൂര്‍ണ മദ്യനിരോധനം അപ്രായോഗികമാണെന്നാണ് എല്‍ഡിഎഫിന്റെ കാഴ്ചപ്പാട്.
പ്രകടനപത്രികയിലും ഈ മദ്യനയം പൊളിച്ചെഴുതുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. വിവിധ ഘട്ടങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം മതിയായ ഭേദഗതികളോടെ ഈമാസം 21ന് പ്രകടനപത്രിക പ്രസിദ്ധീകരിക്കാനാണ് എല്‍ഡിഎഫിന്റെ നീക്കം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൂടുതല്‍ സഹായം നല്‍കും. ഐടി മേഖലയില്‍ കൂടുതല്‍ വികസനം കൊണ്ടുവരുന്നതോടൊപ്പം ടൂറിസം മേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തും. എക്‌സ്പ്രസ് ഹൈവേ പ്രാവര്‍ത്തികമാക്കും. റോഡുകള്‍ നവീകരിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ജലമാര്‍ഗ ചരക്കുനീക്കവും ഗതാഗത സൗകര്യവും പ്രോല്‍സാഹിപ്പിക്കുമെന്നും കരട് പത്രികയില്‍ പറയുന്നു.
യുവാക്കള്‍ക്കും കാര്‍ഷിക മേഖലയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കരട് പ്രകടനപത്രികയാണ് ഇടതുപക്ഷം അവതരിപ്പിക്കാനൊരുങ്ങുന്നത്. ഐടി രംഗത്തുനിന്ന് കൂടുതല്‍ വരുമാനം സൃഷ്ടിക്കുക, ഐടി രംഗത്തെ കയറ്റുമതിയും തൊഴില്‍സാധ്യതകളും വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണു മുന്നോട്ടുവയ്ക്കുന്നത്.
കാര്‍ഷികമേഖലയില്‍ യന്ത്രവല്‍കൃത സാങ്കേതികവിദ്യാധിഷ്ഠിതമായ വികസനമാണ് ഇടതുപക്ഷം വിഭാവനം ചെയ്യുന്നത്. കേരളത്തെ വനിതാസൗഹൃദ സംസ്ഥാനമാക്കും. പൊതുമേഖലാസ്ഥാപനങ്ങളെ ശക്തിപ്പെടുത്തും. ചെറുകിട വ്യാപാരങ്ങളെ പ്രോല്‍സാഹിപ്പിക്കുമെന്നും പത്രിക പറയുന്നു.
സിപിഎം സംഘടിപ്പിച്ച കേരളാ പഠനകോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച കേരളാ വികസന കാഴ്ചപ്പാടുകളിലെ പ്രധാന നിര്‍ദേശങ്ങള്‍ തന്നെയാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it