Districts

എല്‍ഡിഎഫും യുഡിഎഫും സമ്മര്‍ദ്ദത്തില്‍: തദ്ദേശ തിരഞ്ഞെടുപ്പു ഫലം നാളെ

എച്ച് സുധീര്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി നാളെ വരാനിരിക്കെ എല്‍ഡിഎഫും യുഡിഎഫും കടുത്ത സമ്മര്‍ദ്ദത്തില്‍. വിജയം അഭിമാനപ്രശ്‌നമായതിനാല്‍ ഇരുമുന്നണികളും വിജയപ്രതീക്ഷ അവകാശപ്പെടുന്നുണ്ടെങ്കിലും മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യം കടുത്ത വെല്ലുവിളിയാണ്.
ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന യുഡിഎഫിന്റെ അവകാശവാദത്തിനു വിജയം അനിവാര്യമാണെങ്കില്‍ എല്‍ഡിഎഫിന് നിലനില്‍പിന്റെ പ്രശ്‌നമാണ്. കഴിഞ്ഞ തവണ തദ്ദേശ സ്ഥാപനങ്ങളില്‍ നഷ്ടമായ ആധിപത്യം തിരിച്ചുപിടിക്കുക എന്നതിലുപരി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്ര സുഗമമാക്കാനും എല്‍ഡിഎഫിനു വിജയം അനിവാര്യമാണ്. എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ട് ഭീഷണിയാവില്ലെന്ന് ഇരുമുന്നണികളും പറയുമ്പോഴും ഇക്കാര്യത്തില്‍ നേരിയ ആശങ്ക ഇരുകൂട്ടരെയും വേട്ടയാടുന്നുണ്ട്.
രാഷ്ട്രീയ നിലപാടുകളേക്കാള്‍ സാമുദായിക അടിയൊഴുക്കുകളും ഇത്തവണ നിര്‍ണായകമാവും. കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും മിക്ക ജില്ലകളിലും യുഡിഎഫ് മികച്ച വിജയം നേടുമെന്നുമാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം.
എന്നാല്‍, ഭരണവിരുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം. വിമതശല്യവും ഇരുമുന്നണികളുടെയും ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ച ബിജെപിയും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കൂടാതെ, എസ്ഡിപിഐ അടക്കമുള്ള നവരാഷ്ട്രീയപ്പാര്‍ട്ടികളും പലയിടത്തും അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്.
വെല്‍ഫെയര്‍ പാര്‍ട്ടിയും ആര്‍എംപിയും ദലിത് മേഖലയില്‍ സ്വാധീനമുറപ്പിച്ച് ഡിഎച്ച്ആര്‍എമ്മും തിരഞ്ഞെടുപ്പില്‍ സജീവമായിരുന്നു.
Next Story

RELATED STORIES

Share it