Flash News

എല്‍ഡിഎഫിനുള്ളില്‍ മാണിയെച്ചൊല്ലി വീണ്ടും പോര്

തിരുവനന്തപുരം/കണ്ണൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ മാണിയുടെ പിന്തുണയെച്ചൊല്ലി എല്‍ഡിഎഫിനുള്ളില്‍ വീണ്ടും തര്‍ക്കങ്ങള്‍ ആരംഭിച്ചു. കെ എം മാണിയുടെ വോട്ട് എല്‍ഡിഎഫിന് വേണ്ടെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള ശേഷി മാണിയുടെ കേരളാ കോണ്‍ഗ്രസ്സിനില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്കു തുടക്കംകുറിച്ചിരിക്കുന്നത്.
മാണിയില്ലാതെയാണ് മുമ്പ് ചെങ്ങന്നൂരില്‍ പാര്‍ട്ടി ജയിച്ചിട്ടുള്ളതെന്നും യുഡിഎഫില്‍ നിന്നു പിണങ്ങി വരുന്നവരെ എടുക്കാനല്ല എല്‍ഡിഎഫ് എന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ചെങ്ങന്നൂരിലെ വിജയ പരാജയങ്ങള്‍ തീരുമാനിക്കാനുള്ള കഴിവ് മാണിക്കില്ലെന്നും ശക്തി ഉണ്ടെങ്കില്‍ മാണി തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ല. എല്‍ഡിഎഫിലേക്ക് പുതിയ ഘടകകക്ഷികളെ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാനം വ്യക്തമാക്കി.
അതേസമയം, കാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ എം മാണി രംഗത്തുവന്നതിന് പിന്നാലെ സിപിഎമ്മും വിമര്‍ശനവുമായെത്തി.  ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മുകാരനായതുകൊണ്ട് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുകയാണ് കാനത്തിന്റെ ലക്ഷ്യമെന്ന് മാണി കുറ്റപ്പെടുത്തി. കേരളാ കോണ്‍ഗ്രസ്സിലൂടെ കാനം ലക്ഷ്യമിടുന്നത് സിപിഎമ്മിനെ കൂടിയാണ്. ഒരു വെടിക്ക് രണ്ട് പക്ഷി എന്നതാണ് കാനത്തിന്റെ നിലപാട്.
ചെങ്ങന്നൂരില്‍ സിപിഎം തോറ്റാല്‍ സിപിഐക്ക് ഒന്നും നഷ്ടപ്പെടാനില്ല. അതറിയാവുന്നതുകൊണ്ടാണ് സിപിഎം സ്ഥാനാര്‍ഥി തോല്‍ക്കണമെന്ന് കാനം ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ സിപിഎമ്മിനെ തകര്‍ക്കാമെന്നാണ്  കാനം കരുതുന്നത്.  ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ്സി (എം) ന്റെ നിലപാട് എന്താണെന്ന് പ്രവര്‍ത്തകര്‍ക്കറിയാം. ആവശ്യമെങ്കില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കും. ചെങ്ങന്നൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ തീരുമാനം നടപ്പാക്കുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം കാനത്തിന്റെ പ്രസ്താവനയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തള്ളി.  കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്നു പറയേണ്ടത് ഏതെങ്കിലുമൊരു ഘടകകക്ഷിയല്ല. ഇക്കാര്യം തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയാണ്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളില്‍ ഘടകകക്ഷികള്‍ പ്രസ്താവന നടത്തരുതെന്നും കോടിയേരി പറഞ്ഞു. ആരുടെ പിന്തുണ സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് സംസ്ഥാനസമിതിയാണ് തീരുമാനിക്കുക. തിരഞ്ഞെടുപ്പില്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. യുഡിഎഫിനോട് അതൃപ്തിയുള്ളവരുടെ വോട്ട് വേണ്ടെന്നുവയ്‌ക്കേണ്ട കാര്യമെന്താണെന്നും കോടിയേരി ചോദിച്ചു. കെ എം മാണിക്കും കേരള കോണ്‍ഗ്രസ്സിനും യുഡിഎഫിനോട് അസംതൃപ്തിയുണ്ടെങ്കില്‍ അവര്‍ക്കും എല്‍ഡിഎഫിന് വോട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാവണം.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നതില്‍ സംശയമില്ല. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുകയെന്ന മുദ്രാവാക്യവുമായാണ് എല്‍ഡിഎഫ് ജനവിധി തേടുന്നതെന്നും കോടിയേരി പറഞ്ഞു. അതേസമയം മാണിക്ക് ചെങ്ങന്നൂരില്‍ നല്ല സ്വാധീനമാണുള്ളതെന്ന് സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു. വര്‍ഗീയ പാര്‍ട്ടികളല്ലാത്തവരുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it