Flash News

എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ് പരിശോധന : സര്‍വകലാശാല വിസിമാര്‍ക്കെതിരേ ആഞ്ഞടിച്ച് സുപ്രിംകോടതി



ന്യൂഡല്‍ഹി: എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച സുപ്രിംകോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ തയ്യാറാവാത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കെതിരേ ശക്തമായ നിലപാടുമായി കോടതി. എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന എട്ട് ആഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന്  സുപ്രിംകോടതി വിസിമാര്‍ക്ക് താക്കീത് നല്‍കി. നിശ്ചിത സമയത്തിനകം പരിശോധന പൂര്‍ത്തിയാക്കാത്ത വിസിമാര്‍ കോടതിയലക്ഷ്യത്തിന് ഹാജരാവണമെന്നും ജസ്റ്റിസുമാരായ പി സി ഘോഷ്, ആര്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിലൂടെ വ്യക്തമാക്കി. സര്‍വകലാശാലകള്‍ ഈ ഉത്തരവ് അനുസരിക്കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട യുനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ കോടതി മുമ്പാകെ ഹാജരാവണമെന്നും കോടതിയലക്ഷ്യ നടപടികള്‍ നേരിടണമെന്നും ബെഞ്ച് വ്യക്തമാക്കി. എല്ലാ അഭിഭാഷകരുടെയും പ്രഫഷനല്‍ യോഗ്യതകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന 2015ലെ കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റും പ്ലേസ് ഓഫ് പ്രാക്ടീസ് (വെരിഫിക്കേഷന്‍) ആക്ട് 2015ന്റെ ഉത്തരവ് പ്രകാരവും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക്  ഫീസ് ഈടാക്കരുതെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നു.  എല്‍എല്‍ബി വെരിഫിക്കേഷന് ഓരോ ഉദ്യോഗാര്‍ഥിയുടെ അടുത്തു നിന്നും സര്‍വകലാശാലകള്‍ 2000 രൂപ വീതം ഈടാക്കുന്നതായി കക്ഷികള്‍ കോടതിയെ അറിയിച്ചിരുന്നു. ഡല്‍ഹി ബാര്‍ കൗണ്‍സിലിന്റെ തിരഞ്ഞെടുപ്പ് ആഗസ്ത് 31ഓടെ പൂര്‍ത്തിയാക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം സ്ഥാനമൊഴിയണമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it