ernakulam local

എല്‍എന്‍ജി പൈപ്പ് ലൈന്‍, എടമണ്‍ കൊച്ചി വൈദ്യുതി ലൈന്‍ കമ്മിഷനിങ് മാര്‍ച്ചില്‍ : പോള്‍ ആന്റണി



കൊച്ചി: സംസ്ഥാനത്തു വ്യവസായവല്‍കരണത്തിനു ശക്തമായ നടപടികള്‍ കൈക്കൊള്ളാനാണു നിലവിലെ സര്‍ക്കാരിന്റെ തീരുമാനമെന്നു വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പോള്‍ ആന്റണി. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) വജ്രജൂബിലിയാഘോഷങ്ങളും വാര്‍ഷിക അവാര്‍ഡ്ദാനച്ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല കാരണങ്ങള്‍ കൊണ്ടും ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ഗെയില്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതി, കൂടംകുളത്തു നിന്നു വൈദ്യുതി കൈണ്ടുവരാനുള്ള എടമണ്‍ കൊച്ചി 400 മെഗാവാട്ട് ട്രാന്‍സ്മിഷന്‍ ലൈന്‍ എന്നിവ പൂര്‍ത്തിയാക്കും. അടുത്തവര്‍ഷം മാര്‍ച്ച് 31നു മുന്‍പ് ഇവ കമ്മിഷന്‍ ചെയ്യാനാണു സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ കരട് വ്യവസായനയം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. ഇതു പരിശോധിച്ച് എല്ലാവരും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. കേരളത്തിന്റെ വ്യവസായവല്‍കരണത്തില്‍ ഏറെ പ്രാധാന്യവും ഗൗരവവും നല്‍കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോവുകതന്നെ ചെയ്യും. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എതിരഭിപ്രായങ്ങളും വിയോജിപ്പുകളും തീര്‍ച്ചയായും സര്‍ക്കാര്‍ പരിഗണിക്കും. കെട്ടിടങ്ങളുടെ പ്ലാനുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള പഞ്ചായത്തുകളുടെ ലൈസന്‍സിങ് സംവിധാനം ഇന്റലിജന്റ് സോഫ്ട്‌വെയര്‍ രീതിയിലേക്കു മാറുകയാണ്. ഫാക്ടറികള്‍ക്കും കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ക്കും ഭവനപദ്ധതികള്‍ക്കുമെല്ലാം ഇതിലൂടെ സമയബന്ധിതമായും അഴിമതിരഹിതമായും ലൈസന്‍സ് നല്‍കാനുള്ള ശ്രമമാണിതെന്ന് പോള്‍ ആന്റണി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവും ലഡാക് ലേ കാര്‍ഗില്‍ സ്വയംഭരണഗിരിവികസന സമിതി ഉപദേഷ്ടാവുമായ അംബാസഡര്‍ ഡോ. ദീപക് വോറ മുഖ്യപ്രഭാഷണം നടത്തി. കെഎംഎ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സ് പ്രൈവറ്റ്് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ കെ നന്ദകുമാറിന് ഐടി ലീഡര്‍ഷിപ്പ് അവാര്‍ഡ് പോള്‍ ആന്റണി സമ്മാനിച്ചു. മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് കൊച്ചി മെട്രൊ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിന് പിന്നീടു സമ്മാനിക്കും. കെഎംഎ വൈസ് ചെയര്‍മാന്‍ വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആര്‍ മാധവ്ചന്ദ്രന്‍, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജിബുപോള്‍, കെഎംഎ മുന്‍പ്രസിഡന്റ് ആര്‍ രാജ്‌മോഹന്‍ നായര്‍, വജ്രജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രസാദ് കെ പണിക്കര്‍, കെഎംഎ ഭാരവാഹികളായ ക്യാപ്റ്റന്‍ കെ സി സിറിയക്, ഷമീം റഫീഖ്, കെ എസ് ജെയിംസ്റ്റിന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it