palakkad local

എല്ലുപൊടി ഫാക്ടറിയും മെറ്റല്‍ ക്രഷറും ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: പഴമ്പാലക്കോട് തോട്ടുമ്പള്ളയില്‍ ജനകീയ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ എല്ലുപൊടി ഫാക്ടറിയും മെറ്റല്‍ ക്രഷറും ജില്ലാ കലക്ടര്‍ പി മേരികുട്ടിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു.
കമ്പനിവരുത്തുന്ന മലിനീകരണം സംബന്ധിച്ച് പരാതി നല്‍കിയിട്ടും പ്രവര്‍ത്തനം തുടരുന്നതില്‍ പ്രതിഷേധിച്ച് ന്യൂദീപം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും നല്‍കിയ മലിനീകരണം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടിയിരുന്നു.
കമ്പനി മാറ്റുന്നവരെ ക്ലബ് നടത്തുന്ന സമരപോരാട്ടങ്ങള്‍ 183 ദിവസത്തിലും തുടരുന്ന വേളയിലാണ് ഗത്യന്തരമില്ലാതെ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തിയത്. കമ്പനി യാതൊരു മലനീകരണവും നടത്തുന്നില്ലെന്ന് റിപോര്‍ട്ട് നല്‍കിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെ നാട്ടുകാരും സമരക്കാരും തടഞ്ഞത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയെങ്കിലും കലക്ടറിടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. തഹസില്‍ദാര്‍ കെ അജിത്ത്കുമാര്‍, തരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി മനോജ്കുമാര്‍, വൈസ് പ്രസിഡന്റ് എം ആര്‍ വല്‍സലകുമാരി, സെക്രട്ടറി എസ് മനോജ്, വാര്‍ഡംഗം കൂടിയായ സമരസമിതി അംഗം എച്ച് ഷഫീഖ് മോന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍ജിനീയര്‍ സി വി ജയശ്രീ, ഡെപ്യൂട്ടി ഡിഎംഒ ഡോ. അനൂപ്, പഴമ്പാലക്കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആലീസ്, വില്ലേജോഫിസര്‍ ഷൈനി എന്നിവര്‍ക്കൊപ്പമാണ് ജില്ലാ കലക്ടറെത്തിയത്.
കമ്പനി മാനേജുമെന്റ് പ്രതിനിധി ബൈജുവും, ന്യൂ ദീപം ക്ലബ് ഭാരവാഹികളായ കെ സി ജയറാം, വി നജീബ് പങ്കെടുത്തു. സമരകാരണവും കമ്പനി ഉണ്ടാക്കുന്ന മലിനീകരണ ആരോഗ്യ പ്രശ്‌നങ്ങളും കലക്ടറോട് വിശദീകരിച്ചു.
ക്ലബ് ഭാരവാഹികളില്‍നിന്നും ജനപ്രതിനിധികളില്‍ നിന്നും പരാതികള്‍ സ്വീകരിച്ച ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും ഉന്നതര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്ന് ഉറപ്പുനല്‍കി. അതേസമയം കമ്പനിക്കെതിരേ ഹൈക്കോടതിയിലും ആലത്തൂര്‍ മുന്‍സിഫ് കോടതിയിലും തിരുവനന്തപുരം ഗ്രീന്‍ ട്രൈബ്യൂണലിലും കേസ് നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it