എല്ലാ വിഭാഗവുമായി ചര്‍ച്ചചെയ്ത ശേഷമേ മദ്യനയം നടപ്പാക്കൂ: മന്ത്രി

കൊച്ചി: മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും എല്ലാവിഭാഗം ജനങ്ങളുമായി ചര്‍ച്ചചെയ്ത ശേഷമേ മദ്യനയം നടപ്പാക്കൂവെന്നും തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യവര്‍ജനത്തിനായും ലഹരിക്കെതിരായും വലിയ രീതിയിലുള്ള ബോധവല്‍ക്കരണം ആവശ്യമാണ്. അത്തരമൊരു ബോധവല്‍ക്കരണത്തിനായുള്ള വലിയ മിഷന്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റുഡന്റ്‌സ് പോലിസ്, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍, യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍, കുടുംബശ്രീ, ഗ്രാമീണ ലൈബ്രറികള്‍ തുടങ്ങി സാമൂഹിക-സന്നദ്ധ സംഘടനകളുടെയും മറ്റും പങ്കാളിത്തത്തോടെ ജനകീയമായ മിഷന്‍ രൂപീകരിച്ചാവും മദ്യവര്‍ജനത്തിനുള്ള ഇടപെടലുകള്‍ നടത്തുക. മദ്യനയത്തെക്കുറിച്ച് സര്‍ക്കാര്‍ തയ്യാറാക്കുന്ന കരട് മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാന്‍ അവസരമുണ്ടാക്കിയ ശേഷമേ പ്രഖ്യാപിക്കൂവെന്നും മന്ത്രി വിശദീകരിച്ചു.
എന്‍ഫോഴ്‌സ്‌മെന്റും ബോധവല്‍ക്കരണവും ശക്തിപ്പെടുത്തിയശേഷം പുതിയ നയം നടപ്പാക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍നിന്നും അഭിപ്രായം തേടിയാവും പുതിയ നയം നടപ്പാക്കുക. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം ജനം അംഗീകരിച്ചില്ലെന്ന് അവര്‍തന്നെ പറഞ്ഞിട്ടുണ്ടെന്നും മദ്യനയം പാളിയെന്നു അവര്‍ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ അടച്ചുവെന്ന് പറയുന്നത് ശരിയല്ല. ഇവിടങ്ങളില്‍ ബിയറിന്റെയും വൈനിന്റെയും ഉപഭോഗം കൂടി. നിലവിലുള്ള നിയമം ശക്തമായി നടപ്പാക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണന നല്‍കുന്നത്. നിലവില്‍ നടന്നുവരുന്ന മദ്യവ്യവസായം നിയമവിധേയമാവണം. നിയമം പാലിക്കാന്‍ തൊഴിലാളിയും മുതലാളിയുമെല്ലാം തയ്യാറാവണം. നിയമം പാലിക്കപ്പെടന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ബാറില്‍ വിദേശമദ്യം വില്‍ക്കുന്നതു കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാര്‍ അടപ്പിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അനധികൃതമായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരേ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ എക്‌സൈസ് വകുപ്പ് ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ട്.
മദ്യത്തെക്കാള്‍ അപകടകരമാണ് മയക്കുമരുന്ന്. ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ ആപല്‍ക്കരമായ അവസ്ഥയാണുള്ളത്. കഞ്ചാവിന്റെ ഉപയോഗം തടയാന്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച് നിയമം ശക്തമാക്കും. ഇപ്പോള്‍ ഒരു കിലോ കഞ്ചാവ് പിടിച്ചാല്‍ കോടതിയില്‍നിന്നു ജാമ്യം കിട്ടും. കേന്ദ്രനിയമമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഇടപെടാനാവുന്നില്ല. ഈ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാശ്യപ്പെട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തേക്ക് വലിയ തോതില്‍ മദ്യവും ലഹരിവസ്തുക്കളും ഒഴുകിയെത്തുന്നുണ്ട്. പരിശോധനകള്‍ക്കായി അഞ്ച് ചെക്ക്‌പോസ്റ്റുകളാണുള്ളത്. ഈ ചെക്ക്‌പോസ്റ്റുകളില്‍ നിലവിലുള്ള സമ്പ്രദായത്തിലുടെ പരിശോധന നടത്തുന്നത് ദുഷ്‌കരമായതിനാല്‍ അത്യാധുനിക സ്‌കാനര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്നും തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളെല്ലാം പുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it