Flash News

'എല്ലാ വിഭാഗങ്ങള്‍ക്കിടയിലും നിര്‍ബന്ധിത മതപരിവര്‍ത്തനം' : രേഖാശര്‍മ



കോഴിക്കോട്: കേരളത്തില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടാനാവില്ല. രാജസ്ഥാനിലും കര്‍ണാടകയിലും മതപരിവര്‍ത്തനത്തിലൂടെയുള്ള വിവാഹം നടക്കുന്നുണ്ടെങ്കിലും കേരളത്തിലാണു കൂടുതലുള്ളത്. ഇവിടത്തേതിനു സമാനമായ അവസ്ഥ മറ്റൊരിടത്തും ഇല്ല. ഇതു സംബന്ധിച്ച കേരളത്തിലെ സാഹചര്യം ഗൗരവതരമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്ടു നടന്ന സിറ്റിങിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹങ്ങള്‍ സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ട്. മതപരിവര്‍ത്തന വിവാഹങ്ങളെ ലൗ ജിഹാദെന്നു വിളിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന പരാതിയുടെയും വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ അത് അന്വേഷിക്കാനാണു കേരളത്തില്‍ വന്നത്. വിവാഹം വഴിയും പണം കൊടുത്തും ഭീഷണിപ്പെടുത്തിയുമെല്ലാം ഇവിടെ മതപരിവര്‍ത്തനം നടക്കുന്നുണ്ട്. സ്‌നേഹ വിവാഹത്തിലൂടെ മനുഷ്യക്കടത്തിന്റെ പ്രശ്‌നവുമുണ്ട്. വീട്ടില്‍ നിന്നും രാജ്യത്തു നിന്നും പെണ്‍കുട്ടികള്‍ നാടുകടത്തപ്പെടുന്നു. ചില സംഘങ്ങള്‍ക്ക് ഇതിന്  ഫണ്ട് ലഭിക്കുന്നതായും സംശയമുണ്ട്. അന്വേഷണ റിപോര്‍ട്ട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കു സമര്‍പ്പിക്കുകയും പരാതി കേരള ഡിജിപിക്ക് ഇന്നു നേരിട്ടു കൈമാറുകയും ചെയ്യും. കേരളത്തിലെ വനിതാ കമ്മീഷന് രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് ആരോപിച്ചവര്‍  അവര്‍ വോട്ട് ബാങ്കില്‍ കണ്ണുവച്ചാണു പ്രസ്താവനകള്‍ നടത്തുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ കുറ്റപ്പെടുത്തി. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രത്യേക സ്ഥാപനങ്ങളുടെ പേരുകള്‍ പറയുന്നില്ലെങ്കിലും സത്യസരണി, യോഗ സെന്റര്‍ തുടങ്ങിയവയ്‌ക്കെതിരേയെല്ലാം പരാതി ലഭിച്ചിട്ടുണ്ടെന്നും ഇവയെക്കുറിച്ചു സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ചോദ്യത്തിനു മറുപടിയായി അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it