Alappuzha local

എല്ലാ പോലിസ് സ്റ്റേഷനും ജനമൈത്രി; വനിതാ സുരക്ഷയ്ക്ക് പിങ്ക് പട്രോള്‍ ജൂണ്‍ ആദ്യവാരം



ആലപ്പുഴ: ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷനുകളിലും ജനമൈത്രി സുരക്ഷ പദ്ധതി നടപ്പാക്കിയെന്നും വനിതാ സുരക്ഷയെ മുന്‍നിര്‍ത്തി ജില്ലയിലെ  എല്ലാ പോലിസ് സ്റ്റേഷനുകളിലും പിങ്ക് പട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തിയതായും ജില്ലാ പോലിസ് മേധാവി പറഞ്ഞു പിങ്ക് കണ്‍ട്രോള്‍ റൂം തുറന്നതിനൊപ്പം പ്രത്യേക വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്. 10 ദിവസത്തിനകം പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയിലെ പോലിസ് പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടിയിലധികം രൂപയാണ് അനുവദിച്ചത്. കുറ്റകൃത്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിനായി ജില്ലയില്‍ അഞ്ചു ലക്ഷം രൂപ ചെലവില്‍ അത്യാധുനിക കുറ്റാന്വേഷണ മുറി സജ്ജമാക്കി. ഇതിന്റെ പ്രവര്‍ത്തനം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി പദാര്‍ഥങ്ങളുടെ ദുരുപയോഗം തടയുന്നതിനായി  ആരംഭിച്ച നേര്‍വഴി പദ്ധതി വന്‍ വിജയമാണ്. സ്‌കൂളുകളെ പൂര്‍ണമായും ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്കു തുടക്കമിട്ടത്. സ്‌കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥി സമൂഹം എന്നിവരില്‍ നിന്ന് മികച്ച സഹകരണമാണ് പദ്ധതിക്ക് ലഭിക്കുന്നത് അദ്ദേഹം പറഞ്ഞു.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ഇപ്പോള്‍ ജില്ലയിലെ വനിത പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഗുണ്ട വിരുദ്ധ സ്‌ക്വാഡിന് രൂപം നല്‍കി. കാപ്പ നിയമപ്രകാരം ജനുവരി- മെയ് മാസങ്ങളിലായി 29 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മുഹമ്മദ് റഫീഖ് പറഞ്ഞു.അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലിസ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. ഇവിടെ ഒരു പോലിസ് ഇന്‍സ്‌പെക്ടര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍, 25 സിവില്‍ പോലിസ് ഓഫിസര്‍മാര്‍, എന്നിവരുടെ പുതിയ തസ്തിക അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും  സിയുജി സിം കാര്‍ഡ്  അനുവദിച്ചിട്ടുണ്ട്. പോലിസിന്റെ   സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് പുതിയ വാഹനങ്ങളും അനുവദിച്ചതായി ജില്ലാ പോലിസ് മേധാവി പറഞ്ഞു.
Next Story

RELATED STORIES

Share it