thrissur local

എല്ലാ പഞ്ചായത്തിലും ആയുര്‍വേദ ഡിസ്‌പെന്‍സറിയായി: മന്ത്രി

മാള: കേരളത്തിലെ എല്ലാ ഗ്രാമ പ്പഞ്ചായത്തുകളിലും ആയുര്‍വേദ ഡിസ്‌പെന്‍സറികളായെന്നും ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ ആയുര്‍വേദത്തെ ജീവിത ശൈലിയുടെ ഭാഗമാക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍. കുഴിക്കാട്ടുശ്ശേരി ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുര്‍വേദ ആശുപത്രിയായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറുമ്പോള്‍ അമ്പതോളം ഗ്രാമപ്പഞ്ചായത്തുകളില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി പോലും ഉണ്ടായിരുന്നില്ല. ലോകം തന്നെ ആയുര്‍വേദ രംഗത്ത് ശ്രദ്ധ പുലര്‍ത്തുന്ന കാലഘട്ടമാണിത്. പരമ്പരാഗതമായ ചികില്‍സാ രീതികള്‍ പരിപോഷിപ്പിക്കാനും പുതുതായി വരുന്ന രോഗങ്ങളേയും ജീവിത ശൈലി രോഗങ്ങളേയും നേരിടാനാണ് ആയുഷ് പദ്ധതി കൊണ്ടുവന്നത്.
ശരീരത്തിനാവശ്യമായ വ്യായാമമില്ലാത്തതിനാല്‍ ഷുഗറും പ്രഷറും കൊളസ്‌ട്രോളുമടക്കമുള്ള രോഗങ്ങള്‍ ചെറിയ കുട്ടികളില്‍ പോലും കണ്ടുവരുന്നു. ഈ പശ്ചാത്തലത്തിലാണ് ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കാനും ജീവിത ശൈലിയുടെ ഭാഗമാക്കി മാറ്റാനും ആയുഷ് പദ്ധതി നടപ്പാക്കിയതെന്നും ഇന്ത്യയില്‍ തന്നെ കേരളമടക്കം രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് പദ്ധതിയുള്ളതെന്നും മന്ത്രി പറഞ്ഞു. ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ ഓഫിസര്‍ ഡോ. എ എന്‍ സിസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐഎസ്എം ജോ. ഡയറക്റ്റര്‍ ഡോ. വി എന്‍ ഗോപിനാഥന്‍ പദ്ധതി വിശദീകരണം നടത്തി. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി, ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ജില്ലാ പഞ്ചായത്തംഗം കാതറിന്‍ പോള്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആര്‍ ഡേവീസ്, ബ്‌ളോക്ക് പഞ്ചായത്തംഗം അഡ്വ എംഎസ് വിനയന്‍, ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ഭാരവാഹികളായ സി ജെ നിക്‌സന്‍, അംബിക ശിവദാസന്‍, അജിത സുബ്രഹ്മണ്ണ്യന്‍, മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പോള്‍ കോക്കാട്ട്, അയ്യപ്പന്‍ ആങ്കാരത്ത്, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് മൊയ്തീന്‍, പഞ്ചായത്ത് സെക്രട്ടറി കെ മിനി, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it