kasaragod local

എല്ലാവര്‍ക്കും സ്വന്തം വീടുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും: മന്ത്രി

നീലേശ്വരം: എല്ലാവര്‍ക്കും സ്വന്തം വീടുള്ള രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വീടും അടിസ്ഥാന സൗകര്യവുമൊരുക്കലാണ് സര്‍ക്കാര്‍ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
പാതിവഴിയില്‍ മുടങ്ങിക്കിടന്ന വീടുകളുടെ നിര്‍മാണം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കി നീലേശ്വരം നഗരസഭ മുന്നിലെത്തിയതിന്റെ പ്രഖ്യാപനവും പിഎംഎവൈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള വിഹിതത്തിന്റെ ആദ്യഗഡു വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് കേവലം ഭവനനിര്‍മാണപദ്ധതി മാത്രമല്ല.
വീടിനൊപ്പം മാന്യമായ ജീവിതസാഹചര്യം നല്‍കലും  ലൈഫ് പദ്ധതിയുടെ ലക്ഷ്യമാണ്. തൊഴില്‍സൗകര്യം, വിദ്യാര്‍ഥികള്‍ക്ക് പഠനനിലവാരം മെച്ചപ്പെടുത്താനുള്ള സാഹചര്യം, ഐടി ഉള്‍പ്പെടെയുള്ള തൊഴില്‍പരിശീലനം, നൈപുണ്യവികസനം, രോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമുള്ള പ്രത്യേക പരിചരണം, അങ്കണവാടി തുടങ്ങി വാസസ്ഥലങ്ങളില്‍ തന്നെ കഴിയാവുന്നത്ര സൗകര്യങ്ങളും ജീവനോപാധിയും ലൈഫ് വിഭാവനം ചെയ്യുന്നുണ്ട്. ദുര്‍ബലജനവിഭാഗങ്ങളോട് സര്‍ക്കാരിനുള്ള കരുതലിന്റെ പ്രതിഫലനമാണ് രാജ്യത്തിന് മാതൃകയായ ഈ പദ്ധതി.
ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയും വീടുമില്ലാത്തവര്‍, വീടുപണി തുടങ്ങി പാതിവഴിയില്‍ മുടങ്ങിപ്പോയവര്‍, പുറമ്പോക്കുകളിലും തീരദേശങ്ങളിലും തോട്ടം മേഖലകളിലും താല്‍ക്കാലികമായി താമസിക്കുന്നവര്‍, ഭൂമിക്ക് കൈവശരേഖയോ മറ്റ് രേഖകളോ ഇല്ലാത്തവര്‍ തുടങ്ങിയവരാണ് ലൈഫിന്റെ ഗുണഭോക്താക്കള്‍.
നീലേശ്വരം വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ.കെ പി ജയരാജന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി, പി രാധ, എ കെ കുഞ്ഞികൃഷ്ണന്‍, ടി കുഞ്ഞിക്കണ്ണന്‍, പി എം സന്ധ്യ, കെ പ്രമോദ്, പി പി മുഹമ്മദ് റാഫി, എം സാജിത, പി ഭാര്‍ഗവി, എം രാധാകൃഷ്ണന്‍നായര്‍, പി വിജയകുമാര്‍, വെങ്ങാട്ട്കുഞ്ഞിരാമന്‍, സി കെ കെ മാണിയൂര്‍, പി പി രാജു, കൈ പ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജോണ്‍ ഐമണ്‍, റസാക്ക് പുഴക്കര, എം ഗംഗാധരന്‍നായര്‍, ടി ടി സുരേന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it