kannur local

എല്ലാവര്‍ക്കും വീട് പദ്ധതി; ഗ്രാമപ്പഞ്ചായത്തുകളെ ഒഴിവാക്കി സര്‍വേ തുടങ്ങി

ഇരിക്കൂര്‍: അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതിക്കുള്ള സര്‍വേ നടപടികള്‍ തുടങ്ങി. വീടില്ലാത്തവരെയും പരിമിത സൗകര്യങ്ങളിലും ചേരികളിലും താമസിക്കുന്നവരെയും കണ്ടെത്തുകയാണ് സര്‍വേയിലൂടെ അര്‍ബന്‍ ഹൗസിങ് മിഷന്‍ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലെ കോര്‍പറേഷനിലും നഗരസഭകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇവിടങ്ങളില്‍ ആകെ 14,000 പേര്‍ക്ക് വീടുകള്‍ നിര്‍മിക്കേണ്ടി വരുമെന്നാണ് ഉദ്ദേശമെങ്കിലും സര്‍വേക്കു ശേഷമേ കൃത്യമായ കണക്ക് പുറത്തുവരികയുള്ളൂ. അതേസമയം, പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിന്നു ഗ്രാമപ്പഞ്ചായത്തുകളെ മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ഭൂരഹിതരും ഭവന രഹിതരുമുള്ളത് ഗ്രാമങ്ങളിലാണെന്ന വസ്തുത മറച്ചുവച്ച് കോര്‍പറേഷനുകളിലും നഗരസഭകളിലും പദ്ധതി നടപ്പാക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
വിവിധ ഘട്ടങ്ങളിലായി ജില്ലാ നഗരപ്രദേശങ്ങളില്‍ മാത്രമായി ഒന്നരലക്ഷം വീടുകളാണ് പദ്ധതിയില്‍ നിര്‍മിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതികളാണ് സര്‍വേക്ക് നേതൃത്വം നല്‍കുന്നത്.
വീടുവീടാന്തരം കയറിയിറങ്ങി സര്‍വേ ഫോറം പൂരിപ്പിക്കാന്‍ കുടംബശ്രീ പ്രവര്‍ത്തകരെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഇവര്‍ക്ക് ഒരു വീടിന് 10 രൂപ വീതം വച്ച് പ്രതിഫലം നല്‍കും. സര്‍വേ പൂര്‍ത്തിയാക്കിയ ശേഷം പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് എന്‍ഒസി ലഭിച്ചാല്‍ ഈമാസം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇതോടൊപ്പം എല്ലാ നഗരസഭകളിലേക്കും കോര്‍പറേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് ജൂണില്‍ തുടങ്ങാനും നിര്‍ദേശമുണ്ട്. ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ബഹുനില കെട്ടിടം നിര്‍മിച്ച് അവിടെ തന്നെ പുനരധിവസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്വന്തമായി ഭൂമി ഉള്ളവര്‍ക്ക് വീടുപണിയാന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ആറര ശതമാനം പലിശ ഇളവോടെ വായ്പ നല്‍കുന്ന മറ്റൊരു പദ്ധതിയും നടപ്പാക്കും.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മൂന്നുലക്ഷം വീടുകളെങ്കിലും നിര്‍മിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായ അര്‍ബന്‍ ഹൗസിങ് മിഷനാണ് സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുക. കണ്ണൂര്‍ കോര്‍പറേഷനില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആശങ്ക അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it