kannur local

എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതി: ആശങ്കയേറെയെന്ന് കോര്‍പറേഷന്‍

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 2022ഓടെ എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതിയില്‍ കണ്ണൂരിനെയും ഉള്‍പ്പെടുത്തിയെങ്കിലും പ്രായോഗികതയെയും നടത്തിപ്പിനെയും കുറിച്ച് ആശങ്കകളേറെയുണ്ടെന്ന് കണ്ണൂര്‍ കോര്‍പറേഷന്റെ പ്രഥമ കൗണ്‍സില്‍ യോഗം വിലയിരുത്തി. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെയാണ്, കേരളം പോലുള്ള സംസ്ഥാനത്ത് പദ്ധതിയുടെ പ്രായോഗികതയെയും ഗുണഭോക്താക്കുള്‍ക്കു ലഭ്യമാവുന്ന ആനുകൂല്യത്തെയും കുറിച്ച് ചോദ്യങ്ങളുയര്‍ന്നത്. എന്നാല്‍ പദ്ധതി അവതരണം മാത്രമാണിതെന്നും കൗണ്‍സില്‍ അംഗീകരിച്ച് സര്‍ക്കാര്‍ അനുമതിയായാല്‍ മാത്രമേ നടപ്പാക്കുവെന്നും പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ) പ്രതിനിധി വിശദീകരിച്ചു. സംസ്ഥാനത്തെ 93 തദ്ദേശസ്ഥാപനങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പിഎംഎവൈ നടപ്പാക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരമാണു നടപ്പാക്കുന്നത്. കോര്‍പറേഷനാവുന്നതിനു മുമ്പുള്ള സെന്‍സസാണ് ഉപയോഗിക്കുക. അതു മാത്രമല്ല, സ്വകാര്യപങ്കാളിത്തത്തോടെയാണ് പദ്ധതിയെന്നതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള അര്‍ബന്‍ ഹൗസിങ് മിഷനാണു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നാലു വിധത്തിലുള്ള സ്‌കീമാണു തയ്യാറാക്കുക. നിലവിലുള്ള കോളനികളില്‍ സ്വകാര്യഗ്രൂപ്പുകളുടെ സഹായത്തോടെ പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കും. ഇതു പ്രകാരം സ്വകാര്യ ബില്‍ഡര്‍മാര്‍ക്ക് ഭൂമി വിട്ടുനല്‍കും. ആറുലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്കു പലിശയിനത്തില്‍ ആറു ശതമാനം വരെ സബ്‌സിഡി നല്‍കും. പുതിയ ഫഌറ്റുകള്‍ ഉണ്ടാവുമ്പോള്‍ അതിന്റെ നിശ്ചിത ശതമാനം ഭവനരഹിതര്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കുന്ന നിര്‍മാണക്കമ്പനികള്‍ക്ക് കെട്ടിടനിര്‍മാണ ചട്ടത്തിലും ഉളവ് നല്‍കും. സ്ഥലം ഉള്ള ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണത്തിനു തുക നല്‍കുന്നതാണ് മറ്റൊരു രീതി. ഒന്നര ലക്ഷം കേന്ദ്രവിഹിതവും അരലക്ഷം വീതം സംസ്ഥാന സര്‍ക്കാരും കോര്‍പറേഷനും നല്‍കും. എന്നാല്‍ നിലവിലുള്ള ആനുകൂല്യം പോലും നഷ്ടപ്പെടുന്ന വിധത്തിലുള്ളതാണ് പദ്ധതിയെന്ന ആശങ്ക നിലനില്‍ക്കുന്നതായി കൗണ്‍സിലര്‍മാര്‍ അറിയിച്ചു. പദ്ധതിക്ക് അംഗീകാരം നല്‍കുന്നതായും ആവശ്യമായ പഠനം നടത്തി ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മേയര്‍ ഇ പി ലത പറഞ്ഞു. കേന്ദ്രപദ്ധതിയായതിനാല്‍ ദേശീയതലത്തിലാണ് ആവിഷ്‌കരച്ചത്. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണവും ഓരോ ഡിവിഷനിലെയും കണ്‍വീനര്‍മാരെയും ഉപസമിതിയെയും കണ്ടെത്തേണ്ടതുണ്ട്. 323 ചതുരശ്ര അടി വിസ്തൃതിയിലാണ് വീട് വിഭാവനം ചെയ്തത്. കേരളത്തെ സംബന്ധിച്ചിടത്തോളം തികച്ചും അപര്യാപ്തമായ രീതിയാണിതെന്നും 600 ചതുരശ്ര അടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. ഇതിന് അംഗീകരം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു പദ്ധതി വിശദീകരിച്ച പിഎംഎവൈ പ്രതിനിധി പറഞ്ഞു. ഭവന വായ്പയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നു വെള്ളോറ രാജനും പദ്ധതിയില്‍ സംശയങ്ങളേറെയുണ്ടെന്നു അഡ്വ. ടി ഒ മോഹനനും പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നില്ലെന്നും പ്രായോഗികതയെ കുറിച്ച് വിശദമായി പഠനം വേണമെന്നും ഡെപ്യൂട്ടി മേയര്‍ സി സമീര്‍ പറഞ്ഞു. ആദ്യപദ്ധതിയായതിനാല്‍ ഗഹനമായ പഠനം വേണമെന്നും നിലവിലുള്ള ആനുകൂല്യം നഷ്ടപ്പെടരുതെന്നും പി കെ രാഗേഷും സ്വകാര്യ പങ്കാളിത്തത്തെ കുറിച്ചുള്ള വ്യക്തമായ വിവരണം ലഭിക്കാത്തത് ആശങ്കാജനകമാണെന്നു സുമ ബാലകൃഷ്ണനും പറഞ്ഞു. കോര്‍പറേഷന്‍ രീപീകൃതമായ ശേഷം നടന്ന ആദ്യയോഗത്തില്‍ രണ്ടു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തില്ല. ലീഗ് പ്രതിനിധികളായ സി എറമുള്ളാന്‍, എം പി മുഹമ്മദലി എന്നിവരാണ് എത്താതിരുന്നത്. കോണ്‍ഗ്രസ് വിമതനായി ജയിച്ച് നിര്‍ണായക ശക്തിയായി മാറിയ പി കെ രാഗേഷ് 50 മിനുട്ട് വൈകിയാണെത്തിയത്. യോഗത്തില്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it