Flash News

എല്ലാവര്‍ക്കും നന്ദി ; ഇന്ത്യയെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു: കുംബ്ലെ



ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി അനില്‍ കുംബ്ലെ. എല്ലാവര്‍ക്കും നന്ദിയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ സ്റ്റാഫ് അംഗങ്ങളും അംഗീകാരം അര്‍ഹിക്കുന്നവരാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ ഭിന്നതയാണ് തന്നെ രാജിയിലേക്ക് നയിച്ചത്. ക്യാപ്റ്റന്റെ അഭിരുചിക്കനുസരിച്ച് പരിശീലകനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടെന്ന് ബിസിസിഐയില്‍ നിന്നു കഴിഞ്ഞ ദിവസമാണ് മനസ്സിലായത്. അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ പലവിധ ശ്രമങ്ങളും നടന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. പ്രശ്‌നങ്ങള്‍ കൂടുതല്‍ വളര്‍ത്തുന്നതിലും നല്ലത് താന്‍ രാജി വയ്ക്കുന്നതാണെന്ന് തോന്നിയതിനാലാണ് രാജിവച്ചതെന്നും അനില്‍ കുംബ്ലെ ട്വിറ്ററില്‍ കുറിച്ചു.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ ഒരു വര്‍ഷം തനിക്ക് കിട്ടിയ അംഗീകാരത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദിയുണ്ട്. രാജ്യത്തിന്റെ ക്രിക്കറ്റ് പാരമ്പര്യത്തിനൊപ്പം ഇനിയും താനുണ്ടാവും. ആരാധകരുടെ പിന്തുണയും സ്‌നേഹവും ഇനിയും പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് കുംബ്ലെ ട്വീറ്റ് അവസാനിപ്പിച്ചത്.പ്രഫഷനലിസം, അച്ചടക്കം, സത്യസന്ധത, വ്യത്യസ്തമായ കാഴ്ച്ചപ്പാട് എന്നിവയാണ് ഒരു പരിശീലകനെന്ന നിലയില്‍ താന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. ടീം എന്ന നിലയില്‍ മെച്ചപ്പെടണമെങ്കില്‍ ഈ കാര്യങ്ങളെല്ലാം ഓരോ താരങ്ങളും ശ്രദ്ധിക്കണം. കളിക്കാരെല്ലാം മികച്ച പ്രതിഭാശേഷിയുള്ളവരാണ് അവരെ ഒന്നും പഠിപ്പിച്ചുകൊടുക്കുകയല്ല ഒരു പരിശീലകന്‍ ചെയ്യേണ്ടത്. അവര്‍ക്ക് സ്വയം തിരിച്ചറിവ് നല്‍കുന്ന വിധം ഒരു കണ്ണാടി പിടിക്കുക മാത്രമാണ് പരിശീലകന്‍ ചെയ്യേണ്ടത്. എന്നാല്‍ ഇതൊന്നും പലര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഉത്തരവാദിത്വം കൈമാറുകയാണ് നല്ലതെന്ന് തോന്നി. ബിസിസി ഐയും ഉപദേശക സമിതിയും അതിന് യോഗ്യരായവരെ കണ്ടെത്തെട്ടേയെന്നും കുംബ്ലെ ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it