Kottayam Local

എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പുവരുത്തണം: കലക്ടര്‍

കോട്ടയം: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാവര്‍ക്കും കുടിവെളളം ലഭിക്കുന്നെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് നിര്‍ദേശിച്ചു.
ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിച്ച മഴക്കാല പൂര്‍വ ശുചീകരണം ജില്ലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. തുടര്‍ച്ചയായി ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതോടൊപ്പം ജലത്തിന്റെ ഗുണ നിലവാര പരിശോധനയും നടക്കണം.
പ്രത്യേകിച്ചു ടാങ്കര്‍ ലോറികള്‍ വഴി വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണ നിലവാരം കര്‍ശനമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനാണ് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന ശുചീകരണ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളിലൂടെ പരിസര ശുചിത്വം പരമാവധി ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ഓരോ തദ്ദേശഭരണത്തിന്റെയും വാര്‍ഡ് തലത്തിലുള്ള ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ ആരോഗ്യ സ്ഥാപനങ്ങള്‍, ഗ്രസ്ഥ ശാലകള്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, വിവിധ തലങ്ങളിലെ വിദ്യാര്‍ഥികള്‍, കുടുംബശ്രീ, തൊഴിലുറപ്പു തൊഴിലാളികള്‍, നാഷനല്‍ സര്‍വീസ് സ്‌കീം, എന്‍സിസി, സ്‌കൗട്ട്‌സ് വാളന്റിയര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി പങ്കാളിത്ത അടിസ്ഥാനത്തിലുളള ശുചീകരണ കര്‍മ പരിപാടി ആവിഷ്‌ക്കരിക്കണം.
കര്‍മ പദ്ധതി രൂപീകരണ നടപടി ക്രമങ്ങള്‍ ഈ മാസം 28നകം പൂര്‍ത്തിയാക്കി മെയ് രണ്ടു മുതല്‍ ഫീല്‍ഡ് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ ശുചിത്വമിഷന്‍ കോ ഓഡിനേറ്ററായ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി കൃഷ്ണകുമാര്‍ പദ്ധതി വിശദീകരിച്ചു.
അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍മാരായ ജോര്‍ജ് തോമസ്, ബൈജു ടി സി, സംസ്ഥാന മിഷനിലെ രാഹുല്‍ എംകെ, നോബിള്‍ സേവ്യര്‍ ജോസ്, ജില്ലാതല ഉദ്യോഗസ്ഥര്‍, നഗരസഭാ സെക്രട്ടറിമാര്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it