Flash News

എല്ലാവര്‍ക്കും ഒരേ നിയമം ഉറപ്പാക്കും : ഹൈക്കോടതി



കൊച്ചി: കായല്‍ കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരേ അന്വേഷണ ശേഷം മാത്രമേ നടപടി സ്വീകരിക്കൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ സ്ഥലത്തു ഭാഗിക സര്‍വേ നടത്തിയിട്ടുണ്ട്. വെള്ളം ഇറങ്ങിയശേഷം മാത്രമേ സര്‍വേ പൂര്‍ത്തിയാക്കാനാവൂ എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. കൈയേറ്റം വ്യക്തമായിട്ടും തോമസ് ചാണ്ടിക്കും കമ്പനിക്കുമെതിരേ അധികൃതര്‍ മതിയായ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഖിലേന്ത്യാ കിസാന്‍ സഭ തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം ടി എന്‍ മുകുന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാരിന്റെ മറുപടി. സാധാരണക്കാര്‍ കൈയേറ്റം നടത്തിയെന്ന് ആരോപണമുയര്‍ന്നാല്‍ ധൃതിയില്‍ നടപടി സ്വീകരിക്കാറില്ലേ. അവരുടെ റോഡ് സൈഡിലെ നിര്‍മാണങ്ങള്‍ ഇടിച്ചുപൊളിച്ചു കളയുകയല്ലേ പതിവെന്നും വാദം കേള്‍ക്കവേ കേസ് പരിഗണിച്ച ബെഞ്ച് ചോദിച്ചു. സംസ്ഥാനത്തെ എല്ലാവര്‍ക്കും ഒരേ നിയമം നടപ്പാക്കാനാണ് കോടതി പ്രവര്‍ത്തിക്കുന്നത്. നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്‍മാരാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ടോ, കൈയേറ്റത്തിന് തെളിവു കിട്ടിയോ, കിട്ടിയെങ്കില്‍ ഏതുതരം കൈയേറ്റമാണ് നടന്നിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. അന്വേഷണം നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയായിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.  രണ്ടു ഹരജികള്‍ കൂടി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഇവയും ഈ ഹരജിക്കൊപ്പം പരിഗണിക്കണോ എന്നത് ചീഫ് ജസ്റ്റിസ് തീരുമാനിക്കട്ടെ. അംഗീകരിക്കുകയാണെങ്കില്‍ ഒന്നിച്ച് ഇന്നു വാദം കേള്‍ക്കുമെന്നും കലക്ടര്‍ ആരംഭിച്ച നടപടിക്രമങ്ങളുടെ നിയമസാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it