Flash News

എല്ലാം വഷളാക്കി പിണറായി സര്‍ക്കാര്‍ ; എസ് ഡിപിഐ പ്രതിഷേധ ധര്‍ണ നാളെ



തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വര്‍ഷം ജനങ്ങള്‍ക്ക് നല്‍കിയത് കടുത്ത നിരാശയും ദുരിതവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് വന്നു ഒന്നും ശരിയായില്ല എന്ന മുദ്രവാക്യമുയര്‍ത്തി 25ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. രാവിലെ 10.30ന് നടക്കുന്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷം തികഞ്ഞ പരാജയമായിരുന്നു. മുസ്്‌ലിം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ യുഎപിഎ ചുമത്തുന്നതില്‍ ബിജെപിയുടെ പാത തന്നെയാണ് സര്‍ക്കാരിന്റേത്. മാവോവാദി വേട്ടയെന്ന പേരില്‍ ആദിവാസികളെ വകവരുത്തുന്ന ഉത്തരേന്ത്യന്‍ രീതി സര്‍ക്കാര്‍ കേരളത്തിലേക്ക് കൊണ്ടുവന്നെന്നും ഭാരവാഹികള്‍ ആരോപിച്ചു.ന്യൂനപക്ഷ വോട്ട് നേടി അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ ഹിന്ദുത്വ ഫാഷിസത്തെ ചെറുക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നില്ല. റിയാസ് മൗലവി വധം കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് ശ്രമമായിരുന്നു എന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി അതിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ തയ്യാറായില്ല. ഫൈസല്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍എസ്എസുകാര്‍ വളരെ പെട്ടെന്ന് പുറത്തിറങ്ങിയത് വലിയ നിരാശയാണുണ്ടാക്കിയിട്ടുള്ളത്. ജിഷ്ണു പ്രണോയ്, മിഷേല്‍ ഷാജി, ഷംന തസ്‌നീം തുടങ്ങി നിരവധി കുട്ടികളുടെ രക്ഷാകര്‍ത്താക്കളാണ് സംസ്ഥാനത്ത് നീതി കിട്ടാതെ അലയുന്നതെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുസ്സലാം പങ്കെടുത്തു.
Next Story

RELATED STORIES

Share it