എല്ലാം തകര്‍ത്തെറിഞ്ഞ് രണ്ടുവര്‍ഷം

രമേശ് ചെന്നിത്തല
(പ്രതിപക്ഷനേതാവ്)
കഴിഞ്ഞ ജൂലൈയില്‍ ഒരു സമാധാന ചര്‍ച്ച റിപോര്‍ട്ട് ചെയ്യാന്‍ തിരുവനന്തപുരത്ത് മാസ്‌കോട്ട്് ഹോട്ടലില്‍ എത്തിയ വാര്‍ത്താലേഖകരോട് കടക്ക് പുറത്ത് എന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ആജ്ഞാപിച്ചത്. സാധാരണ ജനങ്ങളെ ആട്ടിപ്പായിച്ചുകൊണ്ടുള്ള ഭരണമാണു നടക്കുന്നത്. അതിന്റെ രണ്ടാംവാര്‍ഷികമാണ് ഇപ്പോള്‍. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഈ ശൈലി പ്രതിഫലിക്കുന്നു. ഓഖി ദുരന്തമുണ്ടായപ്പോഴും പകര്‍ച്ചപ്പനി മരണം വിതച്ചപ്പോഴും സ്വാശ്രയ പ്രവേശന കെണിയില്‍പ്പെട്ട് കുട്ടികളും രക്ഷിതാക്കളും കണ്ണീരുകുടിച്ചപ്പോഴും ഹൈവേ വികസനത്തിന് കിടപ്പാടം നഷ്ടപ്പെട്ട പാവങ്ങള്‍ പ്രതിഷേധിച്ചപ്പോഴും സാധാരണക്കാരെ ചവിട്ടിമെതിക്കുന്ന ഈ മനോഭാവം തെളിഞ്ഞുകണ്ടു.
കേരളത്തിനൊരു പ്രത്യേകത ഉണ്ടായിരുന്നു. ഇവിടെ മുഖ്യമന്ത്രിമാര്‍ ഒരിക്കലും മാധ്യമങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും അപ്രാപ്യരായിരുന്നില്ല. മന്ത്രിസഭായോഗം കഴിഞ്ഞ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വരുന്ന മുഖ്യമന്ത്രിമാരെ വാര്‍ത്താലേഖകര്‍ക്കു വിചാരണ ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നു. പക്ഷേ, പിണറായി ആദ്യമേ തന്നെ അതു വേണ്ടെന്നുവച്ചു. തനിക്കു പറയാനെന്തെങ്കിലും ഉള്ളപ്പോള്‍ അതിനു മാത്രമായി പത്രക്കാരെ വിളിക്കുകയും അല്ലാത്തപ്പോള്‍ അവരെ ആട്ടിപ്പുറത്താക്കുകയും ചെയ്യുന്ന രീതി.
ആദ്യം വിലയിരുത്തേണ്ടത് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനമാണ്. അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പാണ് ആഭ്യന്തരം. പൂര്‍ണമായി പരാജയപ്പെട്ടതും ഈ വകുപ്പാണ്. കൊള്ളയും കൊലപാതകങ്ങളും ഗുണ്ടാ ആക്രമണവും സ്ത്രീപീഡനങ്ങളും വന്‍ കവര്‍ച്ചകളും പടര്‍ന്നുപിടിച്ചത് ഒരുഭാഗത്ത്. പോലിസിന്റെ അതിക്രമങ്ങള്‍ മറുഭാഗത്ത്. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട നിലയിലാണ് പോലിസിന്റെ പെരുമാറ്റം. രണ്ടു വര്‍ഷത്തിനുള്ളില്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ചവരുടെ എണ്ണം ഒമ്പത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മന്ത്രിസഭയ്ക്കു കീഴിലും ഇത്രയും പേര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ടില്ല.
പോലിസിന്റെ ചോദ്യംചെയ്യലിലെ മര്‍ദനം സഹിക്കാന്‍ കഴിയാതെ ഓടിപ്പോയി ആത്മഹത്യ ചെയ്തവര്‍ നിരവധിയാണ്. തൃശൂരിലെ വടക്കാഞ്ചേരിയില്‍ വിനായകന്‍ എന്ന യുവാവിനെ പോലിസ് പിടികൂടി മര്‍ദിച്ചത് മുടി നീട്ടിവളര്‍ത്തിയതിനാണ്. പോലിസ് വിട്ടയച്ചപ്പോള്‍ ഭയത്താലും അപമാനഭാരത്താലും വിനായകന്‍ തൂങ്ങിമരിച്ചു. ഇതുപോലെ എത്രയെത്ര കഥകള്‍.   പോലിസിനെ രാഷ്ട്രീയവല്‍ക്കരിച്ചു എന്നതാണ് ഇടതുസര്‍ക്കാരിന്റെ അപകടകരമായ നീക്കങ്ങളിലൊന്ന്. സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍പോലെയാക്കി പോലിസ് അസോസിയേഷന്‍ സമ്മേളനങ്ങള്‍. രക്തസാക്ഷിസ്തൂപങ്ങള്‍ വച്ച് പോലിസിനെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും ചുവപ്പന്‍ കുപ്പായങ്ങള്‍ ഇടുവിക്കുകയും ചെയ്തു. ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പാക്കാന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട പോലിസ് സേനയില്‍ വിഭാഗീയതയുടെ വിഷവിത്തുകള്‍ പാകുകയാണ് സര്‍ക്കാര്‍ ചെയ്തത്.
മലവെള്ളപ്പാച്ചില്‍ കണക്കെയാണ് സ്ത്രീപീഡനങ്ങളുടെ കുത്തൊഴുക്കുണ്ടായത്. വാളയാറിലെ പിഞ്ചുസഹോദരങ്ങളുടെ കഥ ഉദാഹരണം മാത്രമാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നിലയ്ക്കുന്നേയില്ല. സ്വദേശികള്‍ക്കു മാത്രമല്ല ടൂറിസ്റ്റുകളായ വിദേശ വനിതകള്‍ക്കുപോലും രക്ഷയില്ലെന്നാണു കോവളത്തെ ദാരുണമായ കൊലപാതകം വെളിവാക്കുന്നത്. പോലിസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നു ആ ദാരുണാന്ത്യം. അട്ടപ്പാടിയില്‍ വിശന്നപ്പോള്‍ അല്‍പം അരിയെടുത്തതിന് ആദിവാസി യുവാവിനെ ജനക്കൂട്ടം പിടിച്ചുകെട്ടി അടിച്ചുകൊന്ന സംഭവം ഒറ്റപ്പെട്ടതെന്നു കരുതി തള്ളിക്കളയാനാവില്ല. പൊതുവായ ക്രമസമാധാന തകര്‍ച്ചയുടെ ഫലമാണ് അതും.
വികസനമെന്നാല്‍ തറക്കല്ലിടല്‍ അല്ലെന്ന് പ്രതിപക്ഷനേതാവ് അറിയണമെന്നാണു കഴിഞ്ഞ ദിവസം പിണറായി പ്രസംഗിച്ചത്. അത് അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുത്തതാണ് എന്നേ കരുതാനാവൂ. തറക്കല്ലിടണമെങ്കില്‍ പുതിയ എന്തെങ്കിലും പദ്ധതി വേണ്ടേ? രണ്ടുവര്‍ഷം പ്രായമെത്തുന്ന സര്‍ക്കാരിന് പുതുതായി ഏറ്റെടുത്ത ഒരൊറ്റ പദ്ധതിയെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോ? പുതിയ പദ്ധതികളൊന്നും ഇല്ലെന്നു മാത്രമല്ല യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോയിരുന്ന വന്‍ പദ്ധതികളെല്ലാം അവതാളത്തിലാക്കുകയും ചെയ്തിരിക്കുന്നു. സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ പണി അവതാളത്തിലാണെന്നു കരാറുകാരായ അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ ചെയ്തിരുന്നപോലെ പണിക്ക് ആവശ്യമായ പിന്തുണ നല്‍കാനോ മേല്‍നോട്ടം വഹിക്കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. 48 മാസംകൊണ്ടാണ് പണി പൂര്‍ത്തിയാക്കേണ്ടത്. ഇനി അവശേഷിക്കുന്നത് 20 മാസം. പണി 25 ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല.
യുഡിഎഫ് സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയിരുന്ന സാമൂഹികസുരക്ഷാ പദ്ധതികളെല്ലാം തകിടംമറിച്ചു. പകരം കൊണ്ടുവന്ന ലൈഫ്, ഹരിത കേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയൊന്നും ടേക്ക് ഓഫ് ചെയ്തിട്ടുമില്ല. രാജ്യത്തിനു തന്നെ മാതൃകയായിരുന്ന കാരുണ്യ ബനവലന്റ് പദ്ധതിയുടെ പോലും കഴുത്ത് ഞെരിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്.                          ി
Next Story

RELATED STORIES

Share it