kozhikode local

എലിയോട്ട് മലയില്‍ വന്‍ തീപ്പിടിത്തം

അത്തോളി: എലിയോട് മലയില്‍ വന്‍ തീപ്പിടിത്തം. വള്ളിക്കാട്ട്കാവിന് എതിര്‍വശത്തായാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് തീപടരുന്നതായി ശ്രദ്ധയില്‍പെട്ടത്. മലയുടെ ചെരിവിലുണ്ടായിരുന്ന ഏകദേശം ഒരു ഏക്കറിലധികം പുല്‍മേടുകള്‍ കത്തി നശിച്ചു. അതെസമയം മല കാണാനെത്തിയ നരിക്കുനി സ്വദേശികള്‍ സഞ്ചരിച്ച കാറും തീപിടിത്തത്തില്‍ കത്തി നശിച്ചു. കാറുമായി മല കയറുമ്പോള്‍ തീ പടരുന്നത് കണ്ടതോടെ പിറകോട്ടെടുത്തെങ്കിലും പാറയിലിടിച്ച് കാര്‍ഓഫായെന്നും പിന്നീട് കാറുപേക്ഷിക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ മലയിലേക്ക് വാഹനം നിരോധിച്ചിട്ടും സഞ്ചാരികള്‍ വാഹനവുമായെത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുണ്ട്. കാറിലുണ്ടായിരുന്നവര്‍ പുകവലിച്ചതാണോ തീപിടുത്തത്തിന്റെ കാരണമെന്നും നിഗമനമുണ്ട്. നരിക്കുനി അഗ്‌നിശമന സേനയില്‍ നിന്നും രണ്ട് യൂനിറ്റെത്തി രാത്രി എട്ടരയോടെ തീയണച്ചു. ജില്ലയിലെ സംരക്ഷിത ജൈവ വൈവിധ്യ പ്രദേശമായ എലിയോട്മല നിരവധി ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. അപൂര്‍വയിനം പാമ്പുകള്‍, മുള്ളന്‍പന്നി, മയില്‍, വാനരന്‍മാര്‍ എന്നിവ അധിവസിക്കുന്ന പ്രദേശമാണ്. ഇതിനു മുമ്പും എലിയോട് മലയില്‍ ചെറിയ തോതിലുള്ള തീപിടുത്തമുണ്ടായിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ഏക്കറിലധികം കത്തി നശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി പ്രകാശന്‍, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രകാശന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it