kozhikode local

എലിപ്പനി: മെഡിക്കല്‍ കോളജില്‍ 91 പേര്‍ ചികില്‍സയില്‍

കോഴിക്കോട്: പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയ 91 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടുന്നു. കൂടുതല്‍ പേര്‍ ദിനേന എലിപ്പനി ലക്ഷണങ്ങളോടെ എത്തിക്കൊണ്ടിരിക്കുന്നു. മെഡിസിന്‍ വാര്‍ഡിന്റെ വരാന്തയിലും വാര്‍ഡുകളിലും രോഗികള്‍ തിങ്ങി നിറഞ്ഞു. ഐസിയുവില്‍ ചികില്‍സ തേടേണ്ട രോഗികള്‍ക്കും വരാന്തയിലാണ് ചികില്‍സ. നേരത്തെ ഒരുക്കിയിരുന്ന ഐസോലേഷന്‍ വാര്‍ഡിന്റെ പകുതി ഭാഗം എലിപ്പനി ബാധിതര്‍ക്കായി മെഡിക്കല്‍ കോളജ് അധികൃതര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും വിവിധ വാര്‍ഡുകളില്‍ പ്രവേശിക്കപ്പെട്ട രോഗികളുടെ വര്‍ധന കാരണം മിക്ക രോഗികളും വരാന്തയില്‍ കിടക്കുന്ന അവസ്ഥയാണുള്ളത്. വിദഗ്ധ ചികില്‍സ ആവശ്യമുള്ളവരെ വരാന്തയില്‍ കിടത്തിയിരിക്കുന്നത് അതീവ ഗുരുതരമാണ്.
പ്രളയത്തേക്കാള്‍ വലിയ ദുരന്തമാണ് കാത്തിരിക്കുന്നത്. മെഡിസിന്‍ ഐസിയുവില്‍ സൗകര്യങ്ങള്‍ വേണ്ടത്ര കുറവാണ്. വെന്റിലേറ്ററുകളുടെ കുറവ് ഗുരുതരമായ രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്നു. പകര്‍ച്ചവ്യാധി രോഗികളെയും എലിപ്പനി ബാധിതരേയും വൈറല്‍ പനി ബാധിതരേയും ഓരോ വാര്‍ഡിലാണ് കിടത്തിയിരിക്കുന്നത്. എലിപ്പനി ബാധിതര്‍ക്ക് പ്രത്യേക ചികില്‍സ ആവശ്യമാണ്. എലിപ്പനി ബാധിതര്‍ ദിവസേന കൂടുതലായി എത്തിപ്പെടുന്നത് ഡോക്ടര്‍മാരേയും ആശങ്കപ്പെടുത്തുന്നു. 2014 മെഡിക്കല്‍ കോളജില്‍ എലിപ്പനി ബാധിച്ച് 65 പേര്‍ മരിച്ചിരുന്നു. അന്നത്തെ ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചപ്പോള്‍ 11 വെന്റിലേറ്ററുകള്‍ മെഡിസിന്‍ ഐസിയുവില്‍ സ്ഥാപിക്കാന്‍ പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ അത് ഇവിടെ എത്തിയിട്ടില്ല.
സമീപ ജില്ലകളില്‍ നിന്നും ഗുരുതരമായി പനി ബാധിച്ചവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് പറഞ്ഞു വിടുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപാ യുടെ കാലത്ത് നിയോഗിച്ച സ്റ്റാഫ് നഴ്‌സുമാരെ സേവനം ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ടെങ്കിലും നഴ്‌സുമാരുടെ കുറവ് രോഗികളെ ബാധിക്കുന്നു. പിജി ഡോക്ടര്‍മാരുടേയും ഹൗസ് സര്‍ജന്‍മാരും ഓടി നടന്നു രോഗികളെ ചികില്‍സിക്കുന്നുണ്ടെങ്കിലും സീനിയര്‍ ഡോക്ടര്‍മാരുടെ കുറവു മെഡിസിന്‍ വിഭാഗത്തെ ബുദ്ധിമുട്ടിലാക്കുന്നു. പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ മെഡിക്കല്‍ കോളജില്‍ പ്രത്യേക ബ്ലോക്ക് തയാറാക്കണമെന്ന ആവശ്യം നടപ്പിലായില്ല. മെഡിക്കല്‍ കോളജില്‍ എലിപ്പനി ബാധിച്ച ഭൂരിഭാഗം പേരും വെന്റിലേറ്റര്‍ സൗകര്യമില്ലാതെ മരണപ്പെട്ടവരാണ്.

Next Story

RELATED STORIES

Share it