kozhikode local

എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു: രണ്ടുപേര്‍ കൂടി മരിച്ചു

കോഴിക്കോട്: ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം രണ്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് എലിപ്പനി ബാധ സംശയത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12ആയി. ഇന്നലെയും നിരവധി പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയത്. എലിപ്പനി ബാധിതുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. വെള്ളം കെട്ടിക്കിടന്ന പ്രദേശങ്ങളിലാണ് ജില്ലയില്‍ എലിപ്പനി കൂടുതലും റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ദുരിതാശ്വാസ ക്യാംപുകള്‍ കൂടുതലായും പ്രവര്‍ത്തിച്ച മേഖലകളിലാണ് പ്രധാനമായും അസുഖം പടരുന്നത്. മഴക്കെടുതി കൂടിയ സാഹചര്യത്തില്‍ പനി ഇനിയും പടരാനാണ് സാധ്യതയെന്നും ജനങ്ങള്‍ ശുചിത്വം പാലിച്ച് ജാഗ്രതരായിരിക്കണമെന്നും ഡിഎംഒ ഡോ. ജയശ്രീ ആവശ്യപ്പെട്ടു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. രോഗം പടര്‍ന്നു പിടിച്ചതിനാല്‍ പ്രതിരോധ പ്രവര്‍ത്തനവുമായി ആരോഗ്യ വിഭാഗം സജീവമായി രംഗത്തുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലും വീടുകളിലുമായി ഇതിനകം നാലു ലക്ഷം പ്രതിരോധ ഗുളികകളാണ് വിതരണം ചെയ്തിട്ടുള്ളത്. 90 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരെ ജില്ലയുടെ വിവിധ ഇടങ്ങളിലായി വിന്യസിക്കും. വീടു കയറിയുള്ള ജാഗ്രതാ നിര്‍ദേശത്തിനും പ്രതിരോധ മരുന്ന് വിതരണത്തിനുമാണ് ഇവരെ ഉപയോഗിക്കുക.ആരോഗ്യ പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന ഡോക്‌സിസൈക്ലീന്‍ ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണമെന്ന് ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു. ഗര്‍ഭിണികള്‍,അലര്‍ജിയുള്ളവര്‍, എട്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമേ പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ പാടുള്ളു. കടുത്ത പനി, ഛര്‍ദ്ദി, ശരീര വേദന, കണ്ണില്‍ ചുവപ്പ് എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രികളില്‍ തന്നെ വൈദ്യ സഹായം തേടണം. സ്വയം ചികില്‍സ നടത്തരുതെന്നും ആരോഗ്യ വിഭാഗം പറയുന്നു.

Next Story

RELATED STORIES

Share it