എലിപ്പനി പ്രതിരോധമരുന്നിനെതിരേ പ്രചാരണം; പ്രകൃതിചികില്‍സകന്‍ ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

കൊച്ചി: എലിപ്പനി പ്രതിരോധ മരുന്നുകള്‍ക്കെതിരേ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ പ്രകൃതിചികില്‍സകനും ജനാരോഗ്യപ്രസ്ഥാനം ചെയര്‍മാനുമായ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഓര്‍ഗനൈസ്ഡ് വിങ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ പി എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജേക്കബ് വടക്കുംചേരിയെ ചമ്പക്കരയിലെ പ്രകൃതിചികില്‍സാ സ്ഥാപനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. എലിപ്പനി പ്രതിരോധ—ത്തിനുള്ള ഡോക്‌സിസൈക്ലിന്‍ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഇയാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണു നടപടി. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇതുസംബന്ധിച്ച് ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദേശമനുസരിച്ചാണ് അറസ്റ്റ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വടക്കുംചേരിക്കെതിരേ രംഗത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്തശേഷം ഇയാളുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമ്പക്കരയിലെ സ്ഥാപനത്തില്‍ വീണ്ടുമെത്തി പ്രചരിപ്പിച്ച വീഡിയോ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക്ക് പരിശോധിച്ചു. ഏതാനും മെഡിക്കല്‍ പുസ്തകങ്ങളും വെബ്‌സൈറ്റുകളും ഉദ്ധരിച്ചാണ് ഇയാള്‍ എലിപ്പനി പ്രതിരോധത്തിനായി നിര്‍ദേശിക്കപ്പെട്ട മരുന്നുകള്‍ കഴിച്ചാല്‍ പാര്‍ശ്വഫലങ്ങളുണ്ടാവുമെന്നു പ്രചാരണം നടത്തിയത്. അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരേ സംസാരിക്കാന്‍ ആളുകള്‍ ഭയപ്പെടുകയാണെന്നും അവര്‍ മരുന്നുകമ്പനികളുമായി ചേര്‍ന്ന് മാഫിയ സൃഷ്ടിച്ചിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. എലിപ്പനി പ്രതിരോധത്തിന് നിര്‍ദേശിക്കപ്പെട്ട മരുന്നുകള്‍ കഴിച്ചാല്‍ പുതിയ രോഗങ്ങളുണ്ടാവുമെന്നു വടക്കുംചേരി പറഞ്ഞിരുന്നു. ഡോക്‌സിസൈക്ലിനെതിരേ നിരവധി വേദികളില്‍ ഇയാള്‍ സംസാരിച്ചതിനു തെളിവുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിന് സൈബര്‍ സെല്ലിനെയും ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it