kozhikode local

എലിപ്പനിബാധ: ആശുപത്രികളില്‍ കൃത്യമായ ചികില്‍സ ലഭ്യമാക്കും- മന്ത്രി രാമകൃഷ്ണന്‍

കോഴിക്കോട്: എലിപ്പനിബാധ കാരണം ജില്ലയില്‍ ഇനി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ ഇടയാവരുതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടണമെന്നും ആശുപത്രികളില്‍ കൃത്യമായ ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 5 മരണങ്ങളാണ് ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
മെഡിക്കല്‍ കോളജില്‍ നിപാ സമയത്ത് നടത്തിയ പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി രോഗനിയന്ത്രണം വേഗത്തിലാക്കണമെന്നും ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍, നഴ്—സുമാര്‍ എന്നിവരെ നിയമിക്കും.
പ്രളയത്തെതുടര്‍ന്ന് മലിനജലവുമായുള്ള സമ്പര്‍ക്കം കൂടിയതാണ് എലിപ്പനി പടരാനുള്ള പ്രധാനകാരണം. എലി മൂത്രം,കന്നുകാലി മൂത്രം എന്നിവ വെള്ളത്തില്‍ കലര്‍ന്ന് മുറിവുകളിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കുകയും കടുത്ത ആരോഗ്യപ്രശ്—നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രതിരോധമരുന്നുകള്‍ കഴിക്കുന്നതു വഴി രോഗം പടരുന്നത് തടയാന്‍ സാധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകളിലും വീടുകളിലുമായി ഇതിനോടകം നാല് ലക്ഷം പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ പ്രവര്‍ത്തിച്ച ബേപ്പൂര്‍, ഒളവണ്ണ, കടലുണ്ടി, ചാലിയം മേഖലകളിലാണ് പ്രധാനമായും അസുഖം പടരുന്നത്. 90 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരെ ജില്ലയില്‍ വിവിധയിടങ്ങളിലായി വിന്യസിക്കും.
വീടുകയറി ജാഗ്രതാ നിര്‍ദേശവും പ്രതിരോധമരുന്ന് വിതരണവും നല്‍കാന്‍ ഇവരെ ഉപയോഗപ്പെടുത്തും. രോഗലക്ഷണങ്ങള്‍ ഇല്ല എന്ന കാരണത്താല്‍ പ്രതിരോധമരുന്ന് കഴിക്കാതിരിക്കാന്‍ പാടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഗര്‍ഭിണികള്‍,അലര്‍ജിയുള്ളവര്‍,എട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മാത്രം പ്രതിരോധമരുന്നുകള്‍ കഴിക്കുക. കടുത്ത പനി,ഛര്‍ദ്ദി,ശരീര വേദന, കണ്ണില്‍ ചുവപ്പ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രികളില്‍ തന്നെ വൈദ്യ സഹായം തേടണം.
വ്യക്തി ശുചിത്വം, ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എന്നിവ കൃത്യമായി പാലിക്കുകയും സ്വയം ചികിത്സ നടത്താതിരിക്കുകയും ചെയ്യണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ വി കെ സി മമ്മദ് കോയ എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ്, സബ്കലക്ടര്‍ വി വിഘ്‌നേശ്വരി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി ആര്‍ രാജേന്ദ്രന്‍, ഡോ. എ നവീന്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it