Kottayam Local

എലിക്കുളം ബാങ്ക് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിനെതിരേ വിമത പാനല്‍

പൊന്‍കുന്നം: എലിക്കുളം സര്‍വീസ് സഹകരണ ബാങ്കിലേക്ക് ഈമാസം 14 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരം നടക്കുന്നത് കോണ്‍ഗ്രസുകാര്‍ തമ്മില്‍. കോണ്‍ഗ്രസ് നേതാവും നിലവില്‍ ബാങ്ക് പ്രസിഡന്റും മുന്‍ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റുമായ സെബാസ്റ്റ്യന്‍ പാറയ്ക്കല്‍ നേതൃത്വം നല്‍കുന്ന വിമത വിഭാഗം സഹകരണ ജനാധിപത്യ മുന്നണിയെന്ന പേരിലാണ് യുഡിഎഫിനെതിരേ മല്‍സര രംഗത്തുള്ളത്. കോണ്‍ഗ്രസ് (ഐ) എലിക്കുളം മണ്ഡലം പ്രസിഡന്റ് ജോഷി കെ ആന്റണിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് പാനല്‍ രംഗത്തുള്ളത്. എന്നാല്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍  എല്‍ഡിഎഫും, കേരളാ കോണ്‍ഗ്രസ് (എം), ബിജെപി എന്നിവര്‍ മല്‍സര രംഗത്തില്ല. ഇവരുടെ പിന്‍തുണ ഇവരില്‍ ആര്‍ക്കെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.ഇതിനിടയില്‍ വിമതനായി മല്‍സരിക്കുന്ന സെബാസ്റ്റ്യന്‍ പാറയ്ക്കലിനും ഒപ്പം നില്‍ക്കുന്ന വിമതര്‍ക്കുമെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.11അംഗ ഭരണ സമിതിയിലേക്ക് ഇരുവിഭാഗങ്ങളിലുമായി മല്‍സരിക്കുന്നത് നാട്ടിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണെന്നത് യുഡിഎഫിനെയും ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തോളമായി സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണ നേതൃത്വം വിമതനായി മല്‍സരിക്കുന്ന സെബാസ്റ്റ്യന്‍ പാറയ്ക്കലനായിരുന്നു. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ബാങ്കിലേക്ക് നടന്ന  ജീവനക്കാരുടെ നിയമനങ്ങളില്‍ ക്രമക്കേടും അഴിമതിയും ആരോപിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെയാണ് യുഡിഎഫില്‍ പ്രതിസന്ധി രൂപപ്പെട്ടത്. 6276 അംഗങ്ങള്‍ക്കാണ് നിലവില്‍ വോട്ടവകാശമുള്ളത്. നിലവില്‍ യുഡിഎഫിലെ അംഗങ്ങള്‍ തമ്മില്‍ മല്‍സര രംഗത്തിറങ്ങിയതോടെ പ്രതിസന്ധിയിലായ യുഡിഎഫ് നേതൃത്വം ഇതരപാര്‍ട്ടിക്കാര്‍ മല്‍സര രംഗത്തിലാത്തതിനാല്‍ ജനാധിപത്യപരമായ മല്‍സരത്തിന്റെ ഭാഗം മാത്രമായി ഈ മല്‍സരത്തെ കണ്ടാല്‍ മതിയെന്ന് പറഞ്ഞ്  ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്.
Next Story

RELATED STORIES

Share it