malappuram local

എലമ്പ്രയില്‍ സ്‌കൂള്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് ന്യൂനപക്ഷ കമ്മീഷന്‍

മഞ്ചേരി: മൂന്നര പതിറ്റാണ്ടിലേറെയായി സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തിനായി കാത്തിരിക്കുന്ന മഞ്ചേരി പയ്യനാട് എലമ്പ്ര ഗ്രാമവാസികളുടെ ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് ന്യൂനപക്ഷ കമ്മീഷന്‍ വ്യക്തമാക്കി. എലമ്പ്രയില്‍ വിദ്യാലയം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഈ ഉത്തരവിലൂടെ വ്യക്തമാവുന്നു. നാട്ടുകാരനായ തേനത്ത് മുഹമ്മദ് ഫൈസിയാണ് ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയിരുന്നത്.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടാനാവില്ലെന്നാണ് ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് സ്‌കൂള്‍ സ്ഥാപിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സര്‍വേയുടെ അടിസ്ഥാനത്തിലാണെന്നും, ഇത്തരത്തിലുള്ള സര്‍വേ പൂര്‍ത്തിയാക്കിയപ്പോഴുള്ള മാപ്പിങ്ങില്‍ എലമ്പ്ര ഉള്‍പെട്ടിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കമ്മീഷനു നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ സര്‍ക്കാറിനെ സമീപിക്കാമെന്നും ഇതിനാല്‍ നിലവില്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ സാധിക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കാലങ്ങളായി മൂന്നു മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ സഞ്ചരിച്ചാണ് എലമ്പ്രയിലെ കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. സമീപത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെ ആശ്രയിക്കുന്ന 350 കുടുംബങ്ങളുണ്ട്. കിലോമീറ്ററുകള്‍ നടന്ന് വിദ്യാലയങ്ങളിലെത്തേണ്ട അവസ്ഥയുള്ളതിനാല്‍ ഗ്രാമത്തിലെ മുന്‍ തലമുറക്കാര്‍ പലരും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചവരാണ്. ഇതേതുടര്‍ന്ന് 1985 ലാണ് നാട്ടില്‍ പ്രൈമറി വിദ്യാലയം കൊണ്ടുവരാന്‍ ജനകീയ മുന്നേറ്റമുണ്ടാവുന്നത്. വിദ്യാലയത്തിനായി നാട്ടുകാര്‍ പണം സ്വരുക്കൂട്ടി സ്ഥലവും അന്ന് വാങ്ങി. ഭാര്യയുടെ ആഭരണങ്ങള്‍ പണയപ്പെടുത്തിയും ഹജ്ജിനുപോവാന്‍ കരുതിവച്ച പണം നല്‍കിയുമൊക്കെയാണ് ദലിതരും ന്യൂനപക്ഷ വിഭാഗക്കാരും കൂടുതലുള്ള ഗ്രാമത്തിലെ സാധാരണക്കാര്‍ സ്ഥലം വാങ്ങിയത്. ആര്‍ടിഇ ആക്ട് പ്രകാരം കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രൈമറി വിദ്യാലയം വേണമെന്നാണ് ചട്ടം. എന്നാല്‍, എലമ്പ്ര നിവാസികള്‍ക്ക് ഈ ചട്ടമൊന്നും ബാധകമല്ലെന്ന നിലപാടാണ് ഇക്കാലമത്രയും മാറി മാറി വന്ന സര്‍ക്കാറുകള്‍ സ്വീകരിച്ചത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നടത്തിയ ഇടപെടല്‍ പ്രതീക്ഷ വളര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ അവസ്ഥയാണ് ന്യൂനപക്ഷ കമ്മീഷനു നല്‍കിയ പരാതിയിലുമുണ്ടായത്.
Next Story

RELATED STORIES

Share it