palakkad local

എലപ്പുള്ളി-2 വില്ലേജ് ഓഫിസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; വ്യാജ ഉത്തരവുണ്ടാക്കി നിലം പുരയിടമാക്കിയതായി കണ്ടെത്തി

പാലക്കാട്: വ്യാജ ഉത്തരവുണ്ടാക്കി നിലം പുരയിടമാക്കിയതായി വിജിലന്‍സ് കണ്ടെത്തി. പാലക്കാട് അഡീഷനല്‍ തഹസില്‍ദാറുടെ വ്യാജ ഉത്തരവ് ഉപയോഗിച്ച് നിലംനികത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എലപ്പുള്ളി-2 വില്ലേജ് ഓഫിസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി.
എലപ്പുള്ളി-2 വില്ലേജ് പരിധിയില്‍ പട്ടത്തലച്ചിയില്‍ അത്തിക്കോട് ആമിനഉമ്മയുടെ മകന്‍ അബ്ദുള്‍ അലീബിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ ഭൂമിയാണ് ഇനം മാറ്റി നികത്താന്‍ ശ്രമിച്ചത്. ഈ സ്ഥലം വില്ലേജ് രേഖകളില്‍ നിലമാണ്. വ്യാജ ഉത്തരവുമായി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഇവിടം പുരയിടമാക്കി മാറ്റാന്‍ അനുമതി നല്‍കിയത്. വ്യാജ ഉത്തരവുമായി അബ്ദുള്‍ അലീബ് വില്ലേജില്‍ കൈവശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിരുന്നു.
എലപ്പുള്ളി-2 വില്ലേജ് ഓഫിസര്‍ എസ് ആര്‍ ഗീത ഉത്തരവിന്റെ നിജസ്ഥിതി പരിശോധിക്കാതെയും വില്ലേജ് രേഖകള്‍ ശരിയാംവണ്ണം പരിശോധിക്കാതെയും അപേക്ഷകന് സ്ഥലത്തിന്റെ ഇനം പുരയിടമാക്കി മാറ്റി കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായി വിജിലന്‍സ് കണ്ടെത്തി. പരിശോധനയില്‍ ബി.ടി.ആര്‍ അസ്സല്‍ രജിസ്റ്ററുകളില്‍ ചിലത് ഓഫിസില്‍ നിന്നും നഷ്ടപ്പെട്ടതായും ബോധ്യപ്പെട്ടു. വിജിലന്‍സ് സംഘം സ്ഥലം പരിശോധിച്ചതില്‍ മൂന്നു ഭാഗവും മതില്‍കെട്ടി വളച്ചനിലയില്‍ കാണപ്പെട്ടു. പിന്നീട് പാലക്കാട് താലൂക്ക് ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി. അഡീഷനല്‍ തഹസില്‍ദാറുടെ പ്രസ്തുത ഉത്തരവില്‍ കാണിച്ചിട്ടുള്ള നമ്പര്‍ യാക്കര വില്ലേജില്‍ ഉള്‍പ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് 2013 ല്‍ സമര്‍പ്പിച്ച അപേക്ഷയാണെന്നു ബോധ്യപ്പെട്ടു. ഈ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഉത്തരവുണ്ടാക്കി വില്ലേജ് ഓഫിസില്‍ നിന്നും കൈവശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാണ് ഭൂവുടമ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതെന്ന് തെളിഞ്ഞു. വില്ലേജ് ഓഫിസില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് പിന്നീട് നികത്താന്‍ ശ്രമിച്ച ഭൂമിയുടെ അളവില്‍ വ്യത്യാസം കണ്ടെത്തി റദ്ദാക്കിയിരുന്നു.
ക്രമക്കേടിന് ഉദ്യോഗസ്ഥരും ഭൂവുടമയുമായുള്ള അവിശുദ്ധ ബന്ധം സംശയിക്കുന്നതായി വിജിലന്‍സ് അറിയിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. വിജിലന്‍സ് ഡിവൈഎസ്പി എം സുകുമാരന്‍, സിഐ എ വിപിന്‍ദാസ്, എഎസ്‌ഐമാരായ ബി സുരേന്ദ്രന്‍, ജയപ്രകാശ്, സിപിഒമാരായ ആര്‍ രതീഷ്, എം കെ രതീഷ് എന്നിവരും സ്‌പെഷല്‍ തഹസില്‍ദാര്‍ (എല്‍ എ) എം ഐ ഓമന എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it