Flash News

എറണാകുളത്ത് ഹര്‍ത്താല്‍ സമാധാനപരം



കൊച്ചി: ഹൈക്കോടതിയിലേക്കു നടത്തിയ മാര്‍ച്ചിനു നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപനസമിതിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ ഇന്നലെ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. സ്വകാര്യ വാഹനങ്ങളും ബൈക്കുകളും മാത്രമാണു നിരത്തില്‍ ഇറങ്ങിയത്. സ്വകാര്യ ബസ്സുകളും ടാക്‌സി കാറുകളും സര്‍വീസ് നടത്തിയില്ല. അന്യ ജില്ലകളില്‍ നിന്നു വരുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ പതിവുപോലെ സര്‍വീസ് നടത്തി. ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നുവെങ്കിലും ഹാജര്‍നില കുറവായിരുന്നു. അങ്കമാലി, പെരുമ്പാവൂര്‍, ആലുവ, കാക്കനാട്, മൂവാറ്റുപുഴ, കോതമംഗലം, പശ്ചിമ കൊച്ചി, പറവൂര്‍, വൈപ്പിന്‍ മേഖലകളിലും കടകമ്പോളങ്ങള്‍ അടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ജനങ്ങള്‍ പൂര്‍ണമായും ഹര്‍ത്താലിനോട് സഹകരിച്ചു. സ്വകാര്യ ബസ്സുകളും ടാക്‌സി കാറുകളും ഇവിടെയും നിരത്തിലിറങ്ങിയില്ല. ചിലയിടങ്ങളില്‍ പോലിസ് അകമ്പടിയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഏതാനും സര്‍വീസ് നടത്തി. കൊച്ചി തുറമുഖ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചു. എറണാകുളം കലക്ടറേറ്റ്, കൊച്ചി താലൂക്ക്, സബ്ട്രഷറി, നഗരസഭാ ഓഫിസുകള്‍ തുറന്നുവെങ്കിലും ഹാജര്‍നില കുറവായിരുന്നു. ഹര്‍ത്താലിനോട് അനുബന്ധിച്ച് മുസ്‌ലിം ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. ഡോ. ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി പുനപ്പരിശോധിക്കുക, ഹാദിയയുടെ ജീവന്‍ സംരക്ഷിക്കുക, വിധിപ്രസ്താവം നടത്തിയ ജഡ്ജിമാരെ ഇംപീച്ച് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം ഏകോപനസമിതി കഴിഞ്ഞദിവസമാണ് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്.
Next Story

RELATED STORIES

Share it