എറണാകുളത്ത് സെബാസ്റ്റ്യന്‍ പോളിനും ദിനേശ് മണിക്കുമെതിരേ പോസ്റ്ററുകള്‍

കൊച്ചി: എറണാകുളം ജില്ലയില്‍ സിപിഎം സ്ഥാനാര്‍ഥികളായി പരിഗണിക്കുന്ന സെബാസ്റ്റ്യന്‍ പോളിനും സി എം ദിനേശ് മണിക്കും എതിരേ പോസ്റ്ററുകള്‍. വ്യവസായി ചാക്ക് രാധാകൃഷ്ണനും സിപിഎം നേതാവ് ഇ പി ജയരാജനുമാണ് സെബാസ്റ്റ്യന്‍ പോളിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ആരോപണം. തൃക്കാക്കരയില്‍ ബെന്നി ബഹനാനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെങ്കില്‍ എല്‍ഡിഎഫിന് സെബാസ്റ്റ്യന്‍ പോളിനേക്കാള്‍ പറ്റിയ സ്ഥാനാര്‍ഥി അഴിമതി ഭരണം പുറത്ത് കൊണ്ടുവന്ന സരിത നായരാണെന്നും പോസ്റ്ററില്‍ പറയുന്നു. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സെബാസ്റ്റ്യന്‍ പോള്‍ അഹങ്കാരിയാണ്. മാധ്യമങ്ങള്‍ വഴി സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും തിരഞ്ഞെടുപ്പ് അടുക്കുമ്പേള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവുന്നതും ശരിയല്ല. വൈകീട്ട് ആറരയ്ക്ക് ശേഷം അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. ആളുകള്‍ സഹായത്തിന് വരുമ്പോള്‍ അനുകൂല നിലപാട് സ്വീകരിക്കില്ല. ഇത്തരത്തിലുള്ള ആളെ എന്തിനാണ് സ്ഥാനാര്‍ഥിയാക്കുന്നതെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. കൂടാതെ ഇദ്ദേഹം സഭയുടെ സ്ഥാനാര്‍ഥിയാണെന്നും പോസ്റ്ററില്‍ പറയുന്നു. ദിനേശ് മണി അഴിമതിയുടെ ബ്രാന്‍ഡ് അംബാസഡറാണെന്നും  ഇത്തരമൊരാളെ എല്‍ഡിഎഫിന് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയായി വേണോ എന്നും പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ചോദിക്കുന്നു. ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് തൃക്കാക്കരയില്‍ സെബാസ്റ്റിയന്‍ പോളിനേയും തൃപ്പൂണിത്തുറയില്‍ ദിനേശ് മണിയേയും പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങുന്നത്. ഇതിനിടെയാണ് പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടത്.
Next Story

RELATED STORIES

Share it