എറണാകുളത്ത് നിന്ന് സാംപിള്‍ അയച്ചവര്‍ക്ക് നിപാ വൈറസ് ബാധയില്ല

കൊച്ചി: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപാ വൈറസ് ബാധയോടനുബന്ധിച്ച് എറണാകുളത്ത് സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മസ്തിഷ്‌ക ജ്വരം ബാധിച്ച നാലുപേരില്‍ നിന്നു ശേഖരിച്ച സാംപിളുകളുടെ നിപാ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂറ്റ് അധികൃതര്‍ സ്ഥിരീകരിച്ചു.
നിപാ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്നായിരുന്നു രണ്ടു വയസ്സുള്ള കുട്ടിയുടേതടക്കം നാലുപേരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. രണ്ടു വയസ്സുള്ള കുട്ടി പിന്നീട് മരിച്ചു. എന്നാല്‍, മരണം നിപാ വൈറസ് ബാധമൂലമല്ലെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ബാക്കിയുള്ളവര്‍ക്കും നിപാ വൈറസ് ബാധയില്ലെന്ന സ്ഥിരീകരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മസ്തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ച കടമറ്റം സ്വദേശിനിയില്‍ നിന്നു ശേഖരിച്ച സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതിനിടെ, പനി ബാധിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ നില തൃപ്തികരമാണ്. എറണാകുളം മെഡിക്കല്‍ കോളജില്‍ പനിബാധയെ തുടര്‍ന്ന് പ്രവേശിപ്പിച്ച കാഞ്ഞിരമറ്റം സ്വദേശിയുടെ നിലയും തൃപ്തികരമണെന്ന്് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it