ernakulam local

എറണാകുളം റനവ്യു ജില്ലാ സ്‌കൂള്‍ കായികമേള: കോതമംഗലം മുന്നേറുന്നു

കൊച്ചി: എറണാകുളം റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ആദ്യം ദിനം പിന്നിട്ടപ്പോള്‍ മാര്‍ ബേസില്‍, സെന്റ് ജോര്‍ജ്ജ്, മാതിരപ്പിള്ളി സ്‌കൂളുകളുടെ കരുത്തില്‍ 190 പോയിന്റുകളോടെ കോതമംഗലം ഉപജില്ല മുന്നേറുന്നു.
16 പോയിന്റുമായി എറണാകുളം ഉപജില്ല രണ്ടാം സ്ഥാനത്തും, 12 പോയിന്റോടെ പെരുമ്പാവൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
വൈപ്പിന്‍ (8), നോര്‍ത്ത് പറവൂര്‍ (4), കല്ലൂര്‍കാട് (4), പിറവം (2), അങ്കമാലി (2), മൂവാറ്റുപുഴ (1) എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ്‌നില. ആലുവ, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, കൂത്താട്ടുകുളം, കോലഞ്ചേരി ഉപജില്ലകള്‍ക്ക് ആദ്യദിനം പോയിന്റൊന്നും നേടാനായില്ല. 27 ഫൈനലുകള്‍ പൂര്‍ത്തിയായ ആദ്യദിനം സ്വര്‍ണ വേട്ടയിലും കോതമംഗലം എതിരാളികളെ നിഷ്പ്രഭരാക്കി.
കോതമംഗലം 22 സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ എറണാകുളം മൂന്നും പെരുമ്പാവൂര്‍ ഒരു സ്വര്‍ണവും നേടി. 21 വെള്ളിയും 17 വെങ്കലവും കോതമംഗലത്തിന്റെ അക്കൗണ്ടിലുണ്ട്. എല്ലാ വിഭാഗം പോയിന്റ് പട്ടികയിലും കോതമംഗലത്തിന് തന്നെയാണ് ലീഡ്.
അതേസമയം, കോതമംഗലം സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആദ്യദിനം മാര്‍ ബേസില്‍ മുന്നിലെത്തി. 88 പോയിന്റാണ് മാര്‍ബേസിലിന്റെ സമ്പാദ്യം. 67 പോയിന്റുകളുമായി പോയ വര്‍ഷത്തെ ചാംപ്യന്‍മാരായ സെന്റ് ജോര്‍ജ് സ്‌കൂള്‍ തൊട്ടുപിറകിലുണ്ട്. 37 പോയിന്റുകളുള്ള മാതിരപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളാണ് പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ളത്.
ആദ്യ ദിനത്തില്‍ ആറു റെക്കാര്‍ഡുകളാണ് പിറന്നത്. ബിബിന്‍ ജോര്‍ജ്-സീനിയര്‍ ബോയ്‌സ് 100 മീറ്റര്‍, അമല്‍ പി രാഘവ്-സീനിയര്‍ ബോയ്‌സ് ഡിസ്‌കസ് ത്രോ, അനുമോള്‍ തമ്പി-ജൂനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ (മൂവരും മാര്‍ബേസില്‍), അഹല്യ മോഹനന്‍-സബ്ജൂനിയര്‍ ഗേള്‍സ് ഹൈജമ്പ് (സെന്റ്‌ജോര്‍ജ്), ലിനറ്റ് ജോര്‍ജ്-ജൂനിയര്‍ ഗേള്‍സ് 100 മീറ്റര്‍ (സെന്റ് തോമസ് പെരുമാനൂര്‍), ബ്ലെസി ദേവസ്യ-സബ്ജൂനിയര്‍ ഗേള്‍സ് ഡിസ്‌കസ് ത്രോ (ജിവിഎച്ച്എസ്എസ് മാതിരപ്പിള്ളി) എന്നിവരാണ് ഇന്നലെ റെക്കോഡ് ബുക്കില്‍ ഇടംനേടിയവര്‍.
ജൂനിയര്‍ ബോയ്‌സില്‍ മാര്‍ബേസിലിന്റെ അഭിഷേക് മാത്യു (800, 3000), സീനിയര്‍ ബോയ്‌സില്‍ ബിബിന്‍ ജോര്‍ജ് (5000,800) എന്നിവര്‍ ഇരട്ട സ്വര്‍ണം നേടി.
ജൂനിയര്‍ ബോയ്‌സ് ഹൈജമ്പില്‍ മാര്‍ബേസിലിന്റെ റിജു വര്‍ഗീസും സീനിയര്‍ 100 മീറ്ററില്‍ സെന്റ് ജോര്‍ജിന്റെ കെ എസ് പ്രണവും നിലവിലെ റെക്കോഡിനൊപ്പമെത്തുന്ന പ്രകടനം നടത്തി. മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് 30 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.
Next Story

RELATED STORIES

Share it