Districts

എറണാകുളം ജില്ലാ പഞ്ചായത്ത്; കാറ്റിന്റെ ഗതിയറിയാതെ മുന്നണികള്‍

കൊച്ചി: വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എറണാകുളം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തീപാറുന്ന പോരാട്ടം. വോട്ടെടുപ്പ് പടിവാതില്‍ക്കലെത്തിയതോടെ പരമാവധി വോട്ടര്‍മാരെ ഒരിക്കല്‍ക്കൂടി നേരില്‍ കാണാന്‍ സ്ഥാനാര്‍ഥികള്‍ ഓടുമ്പോള്‍, നിശ്ശബ്ദപ്രചാരണദിവസമായ ഇന്ന് അവസാനവട്ട തന്ത്രമൊരുക്കുന്നതിലുള്ള തിരക്കിലാണ് പാര്‍ട്ടി നേതാക്കള്‍. കഴിഞ്ഞ തവണ 26 ഡിവിഷനാണ് ജില്ലാ പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. ഇക്കുറി ഒരു ഡിവിഷന്‍ കൂടി വര്‍ധിച്ച് 27 ഡിവിഷനായി. 26 ഡിവിഷനില്‍ 23ഉം നേടിയാണ് കഴിഞ്ഞ തവണ യുഡിഎഫ് ഭരണത്തിലേറിയത്.
എന്നാല്‍, ഇക്കുറി ഭരണം പിടിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ എല്‍ഡിഎഫും പ്രചാരണരംഗത്തു മുന്നേറുമ്പോള്‍ മൂന്ന് വാര്‍ഡില്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയുയര്‍ത്തി എസ്ഡിപിഐയും മല്‍സര രംഗത്തുണ്ട്. 27 ഡിവിഷനുകളില്‍ യുഡിഎഫില്‍ കോണ്‍ഗ്രസ് 19 സീറ്റിലാണ് മല്‍സരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് (മാണി)-രണ്ട്, മുസ്‌ലിം ലീഗ്-രണ്ട്, കേരളാ കോണ്‍ഗ്രസ് (ജേക്കബ്)-രണ്ട്, ജെഡിയു-ഒന്ന്, ആര്‍എസ്പി-ഒന്ന് എന്നിങ്ങനെയാണ് യുഡിഎഫിലെ മറ്റു കക്ഷികള്‍ മല്‍സരിക്കുന്നത്. എല്‍ഡിഎഫില്‍ സിപിഎം 16 സീറ്റില്‍ മല്‍സരിക്കുമ്പോള്‍ സിപിഐ-അഞ്ച്, എന്‍സിപി-രണ്ട്, കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്(ബി), ജനതാദള്‍, കോണ്‍ഗ്രസ് (എസ്) എന്നിവര്‍ ഒരോ സീറ്റിലും മല്‍സരിക്കുന്നു.
കീഴ്മാട്, എടത്തല, വാളകം എന്നിവിടങ്ങളിലാണ് എസ്ഡിപിഐ മല്‍സരിക്കുന്നത്. കീഴ്മാട് പ്രഫ. അനസും എടത്തലയില്‍ അബ്ദുള്‍റഷീദും വാളകത്ത് വി വി കുഞ്ഞുമുഹമ്മദുമാണ് മല്‍സരിക്കുന്നത്. ഈ മൂന്നു സീറ്റിലും ത്രികോണ മല്‍സരമാണ്. അതുകൊണ്ടുതന്നെ വിജയത്തിന്റെ കാറ്റ് എങ്ങോട്ടുവേണമെങ്കിലും വീശാമെന്നതാണ് അവസ്ഥ. ആലങ്ങാട്, കടുങ്ങല്ലൂര്‍, വെങ്ങോല, നെടുമ്പാശ്ശേരി, ഭൂതത്താന്‍കെട്ട്, ആവോലി, പുത്തന്‍കുരിശ്, കോലഞ്ചേരി, പുല്ലുവഴി, കാലടി, കോട്ടുവള്ളി എന്നീ ഡിവിഷനുകളില്‍ എസ്ഡിപിഐ ശക്തമാണ്. ഈ ഡിവഷനുകളിലെ സ്ഥാനാര്‍ഥികളുടെ വിജയത്തില്‍ എസ്ഡിപിഐയുടെ നിലപാട് നിര്‍ണായകമാണ്.
ഇത്തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം വനിതയ്ക്കാണ്. മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ മകള്‍ ശാരദാ മോഹന്‍ അടക്കം നിരവധി പ്രമുഖരെ അണിനിരത്തി എല്‍ഡിഎഫ് പോരാട്ടത്തിനിറങ്ങു മ്പോള്‍ ആശാ സനില്‍ അടക്കമുള്ളവരെ അണിനിരത്തിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്താന്‍ അങ്കത്തട്ടില്‍ ഇറങ്ങുന്നത്. ബിജെപിയും മല്‍സരരംഗത്തുണ്ട്. എസ്എന്‍ഡിപിയുമായുള്ള സഖ്യത്തിലൂടെ കഴിഞ്ഞതവണത്തേക്കാള്‍ നില മെച്ചപ്പെടുത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷയെങ്കിലും ഇത് എത്രകണ്ട് വിജയിക്കുമെന്ന കാര്യം സംശയമാണ്.
Next Story

RELATED STORIES

Share it