എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന:പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു

കൊച്ചി: ഭൂമിവില്‍പനയെ തുടര്‍ന്ന് വിവാദത്തിലായ എറണാകുളം അങ്കമാലി അതിരൂപതയില്‍ വത്തിക്കാന്റെ ഇടപെടല്‍. കര്‍ദിനാളിന് താക്കീതു നല്‍കുന്ന വിധത്തില്‍ അതിരൂപതയ്ക്ക് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. പാലക്കാട് രൂപത മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്താണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ടത്.
എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ് എന്ന സ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. എന്നാല്‍, ഭരണച്ചുമതലയുണ്ടായിരിക്കില്ല. ഭൂമിവില്‍പന വിഷയത്തില്‍ ആരോപണവിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കുള്ള വത്തിക്കാന്റെ താക്കീതാണ് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭൂമി വില്‍പന വിഷയം വിവാദമാവുകയും വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ അതിരൂപതയില്‍ ഒരു വിഭാഗം വൈദികരും വിശ്വാസികളും രംഗത്തുവരുകയും ചെയ്തതോടെ അതിരൂപതയുടെ ദൈനംദിന ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്നു മാറ്റി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനു സീറോ മലബാര്‍ സഭ സിനഡ് നേരത്തേ നല്‍കിയിരുന്നു. എന്നാല്‍, പ്രധാന തീരുമാനങ്ങള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ചര്‍ച്ച ചെയ്തു മാത്രമേ എടുക്കാവൂ എന്നു സിനഡ് നിര്‍ദേശിച്ചിരുന്നു.
അതിരൂപതയുടെ ചുമതലയില്‍ നിന്നു മാറ്റപ്പെട്ടതോടെ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രവര്‍ത്തന ആസ്ഥാനം സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് മാറിയിരുന്നു. തുടര്‍ന്ന്് അതിരൂപതയുടെ ദൈനംദിന പ്രവര്‍ത്തന ചുമതല മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് നിര്‍വഹിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മാര്‍പാപ്പ ഇടപെട്ട് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടിലും സഹായ മെത്രാന്മാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കും നിര്‍വഹിക്കുക. ഇപ്പോള്‍ നിലവിലുള്ള അതിരൂപതാ ആലോചനാ സംഘം, സാമ്പത്തികകാര്യ സമിതി, വൈദിക സമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തോടെ സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഈ സമിതികള്‍ക്ക് മാറ്റം വരുത്തുകയോ അവ പുനസ്സംഘടിപ്പിക്കുകയോ ചെയ്യാന്‍ അധികാരം ഉണ്ടാവും.
എറണാകുളം അതിരൂപതാ സെക്രട്ടറി, കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതിസംരക്ഷകന്‍, സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മാര്‍ ജേക്കബ് മനത്തോടത്ത് 1992 നവംബര്‍ 28ന് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി. പിന്നീട് 1996 നവംബര്‍ 11ന് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. ഇപ്പോള്‍ സിബിസിഐ ഹെല്‍ത്ത് കമ്മീഷന്‍ മെംബര്‍, സീറോ മലബാര്‍  വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
അതിരൂപതയുടെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന ചുമതലയ്‌ക്കൊപ്പം പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഉത്തരവാദിത്തവും മാര്‍ ജേക്കബ് മനത്തോടത്തിനു തന്നെയാണ്. ഇന്ന് വൈകുന്നേരം 3ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വച്ച് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജംബത്തിസ്താ ദിക്വാത്രോയുടെ സാന്നിധ്യത്തില്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കും.
Next Story

RELATED STORIES

Share it