എറണാകുളം-അങ്കമാലി അതിരൂപതയില്‍ വീണ്ടും വിവാദം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ അതിരൂപതയില്‍ വീണ്ടും അഴിമതി ആരോപണം. അതിരൂപതയുടെ കീഴിലെ കൊരട്ടി പള്ളിയുമായി ബന്ധപ്പെട്ടാണ് വീണ്ടും വിവാദം തലപൊക്കിയിരിക്കുന്നത്. കൊരട്ടി പള്ളിയിലെ സ്വര്‍ണ വില്‍പനയുടെ പേരിലുള്ള അഴിമതി ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നു നിലവിലെ ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നേര്‍ച്ചയായി കിട്ടിയ സ്വര്‍ണമടക്കം മറിച്ചുവിറ്റ വകയില്‍ മൂന്നു കോടിയോളം രൂപയുടെ തിരിമറിയാണ് കൊരട്ടി പള്ളിയിലെ വൈദികര്‍ നടത്തിയതെന്നും എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വം വിഷയത്തില്‍ നിസ്സംഗത പുലര്‍ത്തിയ സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും നിലവിലെ ഭരണസമിതി അംഗങ്ങളായ ബിജോയി വടക്കുംപുറം, വി ഡി ആന്റണി, ജോസഫ് നാലപ്പാട്ട് എന്നിവര്‍ അറിയിച്ചു.
പള്ളിയിലെ സ്വര്‍ണവും പണവുമായി നിലവിലെ വികാരി ഫാ. ജോസഫ് തെക്കിനിയനും സഹവികാരിമാരും ഞായറാഴ്ച പള്ളി പൂട്ടി കൊരട്ടിയില്‍ നിന്നു കടന്നതായി ബോധ്യപ്പെട്ടു. ഇവരെ പിടികൂടണമെന്നാവശ്യപ്പെട്ടു കൊരട്ടി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഏറെ പ്രസിദ്ധമായ കൊരട്ടി ദേവാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. വിവാഹ-മരണ കര്‍മങ്ങള്‍ക്ക് പോലും കൊരട്ടിയില്‍ വൈദികരില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ പള്ളി തുറന്ന് ആരാധന നടത്തുമെന്നാണ് എറണാകുളം-അങ്കമാലി അതിരൂപതയെ ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ സാധിച്ചത്.
കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള കൊരട്ടി പള്ളി അക്കൗണ്ടില്‍ ഇന്ന് 97,000 രൂപ മാത്രമാണുള്ളത്. പള്ളിയുടെ കീഴിലുള്ള സ്‌കൂളില്‍ അധ്യാപകനിയമനത്തിനു കോടികള്‍ കോഴ വാങ്ങിയതിനു തെളിവുണ്ട്. ദേവമാത ആശുപത്രിയുടെ പുനര്‍നിര്‍മാണത്തിനും വാഴച്ചാല്‍ പള്ളി നിര്‍മിക്കുന്നതിനു സ്ഥലം വാങ്ങിയ വകയിലും വന്‍ അഴിമതികള്‍ കൊരട്ടി പള്ളി കേന്ദ്രീകരിച്ച് നടന്നു. ഫാ. മാത്യു മണവാളന്റെ കാലത്താണ് തിരിമറികള്‍ ഏറെയും നടന്നതെന്നും ഭരണസമിതി അംഗങ്ങള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it